ഫറോക്ക്: കടലുണ്ടി പഞ്ചായത്തിനെ സമ്പൂർണ ചെസ് ഗ്രാമമാക്കുന്നതിനായി മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ പ്രത്യേക പദ്ധതി. കൊവിഡാനന്തരം കുട്ടികളിൽ കൂടുതലായി കാണുന്ന അലസത, അശ്രദ്ധ എന്നിവ മറികടക്കാനും ലഹരി വിരുദ്ധ പ്രതിരോധ പ്രചാരണ പ്രവർത്തനകൾക്ക് ശക്തി പകരുന്നതിനും ലക്ഷ്യമിട്ടുളളതാണ് പദ്ധതി . വിജ്ഞാനവും ബുദ്ധിയും വികസിപ്പിക്കുന്നതിനുതകും വിധം പ്രായ ഭേദമില്ലാതെ ചെസ് കളി പ്രോത്സാഹിപ്പിക്കുന്നതിനുകൂടി ഉദ്ദേശിച്ചുള്ള പദ്ധതിയുടെ പ്രഖ്യാപനം 26 ന് വൈകിട്ട് അഞ്ചിന് ഓഷ്യനസ് ചാലിയം ടൂറിസ്റ്റ് ബീച്ചിൽ മഹാ ചെസ് ടൂർണമെൻ്റോടെ മന്ത്രി നിർവഹിക്കും. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾ, ചെസ് കമ്പക്കാരായ കളിക്കാർ , വായനശാലകൾ ക്ലബുകള്‍, റെസിഡൻ്റ്സ് കൂട്ടായ്മകൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിലാണ് സമ്പൂര്‍ണ ചെസ് ഗ്രാമത്തിനായുള്ള പ്രവർത്തനങ്ങൾ. ജില്ലാ പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിഭാഗങ്ങളും പങ്കാളികളാകും. പദ്ധതി പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി മന്ത്രിയുടെ നേതൃത്വത്തിൽ വിവിധ തലത്തിലുള്ള ചർച്ചകൾ ഇതിനകം പൂർത്തിയാക്കിയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. കടലുണ്ടി പഞ്ചായത്ത് സമ്പൂര്‍ണ്ണ ചെസ് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ചാലിയത്ത് ഒരേ സമയം ചെസ് രംഗത്തെ പ്രമുഖരുൾപ്പെടെ 100 കളിക്കാരുടെ 50 ടീമുകളുടെ മഹാ ചെസ് മേളയിലൂടെ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. 2026 ജനുവരിയിൽ കടലുണ്ടിയെ സമ്പൂർണ ചെസ് ഗ്രാമമായും പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |