തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്തു കാട്ടുന്നതിന് 'മിഷൻ 100' എന്ന പേരിൽ പ്രചാരണ തന്ത്രമൊരുക്കാൻ ബി.ജെ.പി. സംസ്ഥാനത്തെ 100 ഗ്രാമപഞ്ചായത്തുകളിൽ
ഭരണം പിടിക്കുകയാണ് ലക്ഷ്യം.ഒപ്പം,10 നഗരസഭകളിലും രണ്ട് കോർപറേഷനുകളിലും. തദ്ദേശ വികസനത്തിന് കേന്ദ്രം പ്രത്യേക ശ്രദ്ധ നൽകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് ബി.ജെ.പി ഭരണം പിടിക്കുന്ന പഞ്ചായത്തുകളിൽ മാതൃകാ വികസനം നടപ്പാക്കും.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 19 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് പാർട്ടിക്ക് ഭരണം കിട്ടിയത്. ഇരുപതോളം പഞ്ചായത്തുകളിലും തിരുവനന്തപുരം
കോർപ്പറേഷനിലും മുഖ്യ പ്രതിപക്ഷമായി. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒന്നോ,രണ്ടോ സ്ഥാനങ്ങളിലെത്തിയ 100 ഗ്രാമ
പഞ്ചായത്തുകളിൽ ഭരണത്തിൽ എത്താനാണ് നീക്കം. 300ഓളം പഞ്ചായത്തുകളിൽ പാർട്ടി വോട്ട് വിഹിതം ഗണ്യമായി കൂടി. മുനിസിപ്പാലിറ്റികളിൽ പത്തെണ്ണത്തിൽ പാർട്ടി മുന്നിലെത്തി. ഇരുപതോളം മുനസിപ്പാലിറ്റികളിൽ ഗണ്യമായ വോട്ട് വർദ്ധനയുണ്ടായി. കോർപറേഷനുകളിൽ രണ്ടെണ്ണത്തിൽ മുന്നിലെത്തി.
സംസ്ഥാനത്തെ 21000 തദ്ദേശ വാർഡുകളിൽ 18000ത്തിലും ഇത്തവണ പാർട്ടിക്ക് കമ്മിറ്റികളുണ്ട്. രണ്ടായിരത്തോളം വാർഡുകളിൽ കൺവീനർമാരും. ഇവിടങ്ങളിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ 33 ജില്ലാ പ്രഭാരികളെ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാനതലത്തിൽ ഡിജിറ്റൽ പ്ളാറ്റ് ഫോം കൺടോൾ റൂമുണ്ടാക്കും.പഞ്ചായത്ത് തലത്തിൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പൂർണസമയ പ്രവർത്തകരെ നിയോഗിക്കും.ഇവരുടെ നേതൃത്വത്തിൽ ആഗസ്റ്റ് 10നകം സംസ്ഥാനത്തെ 20,000ത്തിൽപ്പരം വാർഡുകളിൽ പ്രത്യേക സമ്മേളനം ചേർന്ന് രണ്ട് മുന്നണികൾക്കുമെതിരെ കുറ്റപത്രവും വികസന രേഖയും തയാറാക്കും.
എല്ലാ വാർഡിലും ഇക്കുറി സ്വതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കും. സ്വാഭിമാന റാലി നടത്തി വികസിത കേരള പ്രതിജ്ഞയെടുക്കും.തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ തുടർപ്രക്ഷോഭം ആരംഭിക്കും. കേന്ദ്ര സർക്കാർ ഫണ്ടുകൾ തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തലത്തിൽ സാമൂഹ്യ
മാദ്ധ്യമ പ്രചാരണത്തിനും ആലോചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |