വൈദ്യുതിമുടക്കം പതിവായി
വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ പെരുമഴക്കാലം. മൂന്ന് ദിവസമായി പൊൻമുടി വനമേഖലയിൽ കർക്കടകപ്പാതി കോരിച്ചൊരിയുകയാണ്. ബോണക്കാട്,പേപ്പാറ,കല്ലാർ വനമേഖലകളിലും മഴ കനക്കുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. മാത്രമല്ല മഞ്ഞും മഴയും കാറ്റും മൂലം പൊൻമുടി തണുത്ത് വിറക്കുന്നു. മഴ കാരണം പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നാണ് എസ്റ്റേറ്റ് തൊഴിലാളികൾ പറയുന്നത്. ഒരുമാസം മുൻപ് വരെ പൊൻമുടിയിൽ കടുത്തചൂടാണ് അനുഭവപ്പെട്ടിരുന്നത്. കാട്ടുമൃഗശല്യവും വർദ്ധിച്ചു. കാട്ടാനയും കാട്ടുപോത്തും പകൽ സമയങ്ങളിലും നാശവും ഭീതിയും പരത്തുന്നതായി തൊഴിലാളികൾ അഭിപ്രായപ്പെട്ടു. മൂടൽമഞ്ഞു കാരണം അസഹ്യമായ തണുപ്പുമുണ്ട്. പകൽ സമയത്തു പോലും ഇരുൾ പടരുന്നു. മാത്രമല്ല കല്ലാർ മുതൽ പൊൻമുടി വരെ ലൈറ്റ് തെളിച്ച് വാഹനങ്ങൾ ഓടിക്കേണ്ട സ്ഥിതിയാണ് നിലവിൽ.
സഞ്ചാരികൾ ഒഴുകുന്നു
നിലവിൽ പൊൻമുടി മേഖലയിൽ കനത്ത മഴയാണെങ്കിലും സഞ്ചാരികളുടെ വരവിന് യാതൊരു കുറവുമില്ല. പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് അവധി ദിവസങ്ങളിലാണ് കൂടുതൽ പേരും പൊൻമുടിയിലെത്തുന്നത്. ഞായറാഴ്ചകളിലാണ് വൻതിരക്ക്. വനം വകുപ്പിന് പാസ് ഇനത്തിൽ വൻതുക ലഭിക്കുന്നു. മഴ ഇനിയും ശക്തിപ്രാപിച്ചാൽ പൊൻമുടി വീണ്ടും അടച്ചേക്കും.
വൈദ്യുതി കാഴ്ചവസ്തു
മഴകനത്തതോടെ വൈദ്യുതിമുടക്കം പതിവായി. മഴയും കാറ്റും വന്നാൽ മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലയ്ക്കും. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിനേ തുടർന്ന് മരങ്ങൾ വീണ് വൈദ്യുതിലൈൻ തകർന്ന് വൈദ്യുതിവിതരണം തടസപ്പെട്ടു. തൊളിക്കോട് വിതുര ഓഫീസുകളിൽ പരാതിപ്രളയമാണ്.
ടൂറിസ്റ്റുകൾ ജാഗ്രത
പൊൻമുടി, ബോണക്കാട്, കല്ലാർ വനമേഖലയിൽ മഴ ശക്തി പ്രാപിച്ചതോടെ നദികളിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. മലവെള്ളപ്പാച്ചിലിന് സാദ്ധ്യതയുണ്ട്. കല്ലാർ നദിയിൽ കുളിക്കുവാനിറങ്ങുന്നവർ ജാഗ്രതപാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |