കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ഗ്രാൻഡ് ലോഞ്ചിംഗ്
ഭാഗ്യചിഹ്നങ്ങളും ഫാൻ ജഴ്സിയും പുറത്തിറക്കി
തിരുവനന്തപുരം : ഐ.പി.എൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഗംഭീരമായ ലോഞ്ചിംഗ്. ഇന്നലെ തിരുവനന്തപുരം നിശാഗന്ധിയിൽ കായികമന്ത്രി വി.അബ്ദുറഹ്മാനാണ് കെ.സി.എൽ സീസൺ 2 ലോഞ്ചിംഗ് നിർവഹിച്ചു.കെ.സി.എല്ലിന്റെ ഭാഗ്യചിഹ്നങ്ങളായ 'ബാറ്റേന്തിയ കൊമ്പൻ, ' ചാക്യാർ', ' വേഴാമ്പൽ' എന്നിവ മന്ത്രി പ്രകാശനം ചെയ്തു.
ലീഗിൽ പങ്കെടുക്കുന്ന ആറു ടീമുകളെയും ഉടമകളെയും ചടങ്ങിൽ പരിചയപ്പെടുത്തി. ലീഗ് പ്രചരണാർത്ഥം സംസ്ഥാന പര്യടനം നടത്തുന്ന ട്രോഫി ടൂർ വാഹനം സഞ്ജു സാംസൺ, കീർത്തി സുരേഷ് ,വി.കെ പ്രശാന്ത് എംഎൽഎ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.റോഡ് സേഫ്റ്റി ബോധവത്കരണത്തിന്റെ ഭാഗമായി ഡിസൈൻ ചെയ്ത ഫാൻ ജേഴ്സി സഞ്ജു സാംസണും സൽമാൻ നിസാറും ചേർന്ന് പ്രകാശനം ചെയ്തു. കഴിഞ്ഞ രഞ്ജി ട്രോഫി സെമിയിൽ കേരളത്തിന്റെ വിജയത്തിന് വഴിയൊരുക്കിയ സൽമാൻ നിസാറിന്റെ ഹെൽമെറ്റിനെ ആസ്പദമാക്കി തയാറാക്കിയ വീഡിയോ പ്രദർശനവും നടന്നു.
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്.കുമാർ,കെ.സി.എൽ ഗവണിംഗ് കൗൺസിൽ ചെയർമാൻ നസീർ മച്ചാൻ, കെ.സി.എ ഭാരവാഹികൾ ,ക്രിക്കറ്റ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. അംഗം മ്യൂസിക് ബാൻഡിന്റെ ഷോയും അരങ്ങേറി.
ടീമുകളും ഉടമകളും
അദാനി ട്രിവാൻഡ്രം റോയൽസ്
പ്രിയദർശൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, ജോസ് തോമസ് പട്ടാര, ഷിബു മത്തായി, റിയാസ് ആദം.
ഏരീസ് കൊല്ലം സെയ്ലേഴ്സ്
സോഹൻ റോയ്
കൊച്ചി ബ്ലൂടൈഗേഴ്സ്
സുഭാഷ് ജോർജ് മാനുവൽ
കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്
സഞ്ജു മുഹമ്മദ്
ഫിനെസ് തൃശൂർ ടൈറ്റൻസ്
സജാദ് സേഠ്
ആലപ്പി റിപ്പിൾസ്
ടി.എസ് കലാധരൻ, കൃഷ്ണ കലാധരൻ, ഷിബു മാത്യു, റാഫേൽ തോമസ്
പേരിടാം,സമ്മാനം നേടാം
കെ.സി.എൽ ഭാഗ്യചിഹ്നങ്ങളായ ബാറ്റേന്തിയ കൊമ്പൻ, വേഴാമ്പൽ, ചാക്യാർ എന്നിവയ്ക്ക് പേര് നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. തെരഞ്ഞെടുത്ത പേരുകൾക്ക് സമ്മാനമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കെ.സി.എല്ലിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ സന്ദർശിക്കുക.
ഓഗസ്റ്റ് 21ന്
കളി തുടങ്ങും
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പ് ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ ആറുവരെയാണ് നടക്കുന്നത്.സഞ്ജു സാംസൺ ഇക്കുറി കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നു എന്നതാണ് രണ്ടാം പതിപ്പിന്റെ മുഖ്യ ആകർഷണം. കൊച്ചി ബ്ളൂ ടൈഗേഴ്സ് ടീമിലാണ് സഞ്ജു കളിക്കുന്നത്. 26.80 ലക്ഷത്തിനാണ് ബ്ളൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജുവിന്റെ ജേഷ്ഠൻ സലി സാംസണാണ് ഈ ടീമിന്റെ നായകൻ.
ആദ്യ സീസണിലേതുപോലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഇക്കുറിയും മത്സരങ്ങൾ. പ്രവേശനം സൗജന്യമാണ്. സ്റ്റാർ സ്‌പോർട്‌സ്, ഫാൻകോഡ് എന്നിവ കൂടാതെ ഇത്തവണ ഏഷ്യാനെറ്റിൽ പ്ലസിലും കളികളുടെ തത്സമയ സംപ്രേക്ഷ ണമുണ്ടാകും. റെഡ് എഫ്.എം ആണ് ലീഗിന്റെ റേഡിയോ പാർട്ണർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |