ചാലക്കുടി : നോർത്ത് ചാലക്കുടിയിൽ ആധുനിക രീതിയിൽ നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരെ പങ്കെടുപ്പിക്കാനുള്ള യു.ഡി.എഫ് നീക്കം പരാജയപ്പെടുത്തി എൽ.ഡി.എഫ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ.പൈലപ്പന്റെ വാർഡിലെ അങ്കണവാടി ഉദ്ഘാടനത്തിന് മന്ത്രിമാരായ റോഷി അഗസ്റ്റിനെയും വി.അബ്ദുറഹ്മാനെയും പങ്കെടുപ്പിക്കാനായിരുന്നു നീക്കം. മന്ത്രിമാരുടെ അസാന്നിദ്ധ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് അങ്കണവാടി ഉദ്ഘാടനം ചെയ്തത്. രണ്ടു മന്ത്രിമാരെ ക്ഷണിച്ച് തയ്യാറാക്കിയ നോട്ടീസിൽ പ്രതിപക്ഷ നേതാവിന് ഉദ്ഘാടനം അടക്കം മുഖ്യസ്ഥാനം നൽകി പരിപാടി തയ്യാറാക്കിയത് നേരത്തെ ചർച്ചയായിരുന്നു. കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വത്തോട് പറയാതെയാണ് മന്ത്രി റോഷി അഗസ്റ്റിനെ ഒരു വൈദികൻ ചടങ്ങിന് ക്ഷണിച്ചതത്രെ. മന്ത്രി എത്താമെന്ന് സമ്മതിക്കുകയും ചെയ്തു. പരിപാടിയുടെ തലേദിവസമാണ് എൽ.ഡി.എഫ് അടിയന്തര യോഗം ചേർന്ന് ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. അന്യായമായ പണപ്പിരിവ് ആരോപിച്ചായിരുന്നു ബഹിഷ്‌കരണ തീരുമാനം. ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണവും എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം മന്ത്രിമാരെ നേരിട്ട് അറിയിക്കുകയും ചെയ്തു. ഇതോടെ വി.അബ്ദുൾറഹ്മാൻ ചടങ്ങിന് എത്തില്ലെന്ന് അറിയിച്ചു. എന്നാൽ യോഗത്തിന് ഏതാനും മണിക്കൂർ മുൻപ് വരെ മന്ത്രി റോഷി അഗസ്റ്റിൻ വരുമെന്നായിരുന്നു ഉറപ്പിച്ചിരുന്നത്. ചാലക്കുടി പൊലീസിന് മന്ത്രിയുടെ ടൂർ വിവരം ലഭിക്കുകയും ചെയ്തു. ഇതോടെ കേരള കോൺഗ്രസ് നേതാക്കൾ ജോസ് കെ.മാണിയുമായി ബന്ധപ്പെടുകയും സി.പി.എമ്മിന്റെ ജില്ലാ നേതാക്കളെ പ്രശ്‌നത്തിൽ ഇടപെടുത്തുകയും ചെയ്തതോടെ അദ്ദേഹവും പിൻവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |