നിശ്ചിതാർത്ഥൻ, അർത്ഥ തത്വജ്ഞൻ, വാക്യവിത്ത്, കാലധർമ്മ വിശേഷവിത്ത്, വേദജ്ഞൻ എന്നിങ്ങനെ വാത്മീകി ഹനുമാനെ പ്രകീർത്തിച്ചു. വേദങ്ങളും വ്യാകരണ, ശാസ്ത്രഗ്രന്ഥങ്ങളും വിധിയാംവണ്ണം അഭ്യസിച്ച് ഹൃദിസ്ഥമാക്കിയാൽ ഭാഷാപാണ്ഡിത്യവും വാഗ് സമ്പത്തും ആശയപ്രകാശന കുശലതയും മാത്രമല്ല തെളിഞ്ഞ മനസും രൂപപ്പെടും. ഋഗ്വേദപഠനം ശബ്ദശുദ്ധിയും സാമവേദ പഠനം ശ്രുതിശുദ്ധിയും നൽകുമെന്ന് ഭാഷാവിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപശബ്ദ പ്രയോഗങ്ങളും വ്യാകരണപ്പിഴവുകളും ഉച്ചാരണത്തെറ്റുകളും വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ഹനുമാന്റെ ഭാഷാശൈലിയുടെ ഗുണഗണങ്ങളെ ക്കുറിച്ചുള്ള രാമായണചിന്തകൾക്ക് പ്രസക്തിയേറുകയാണ്.
ഹനുമാന്റെ വിഷയാവതരണ രീതിയുടെ മികവിനെ കുറിച്ചും ശ്രീരാമൻ മതിപ്പോടെ സംസാരിക്കുന്നുണ്ട്. സ്പഷ്ടമായും അധികം വിസ്തരിക്കാതെയും എന്നാൽ കേൾക്കുന്നവർക്ക് ഒട്ടും സംശയത്തിന് പഴുതുനല്കാതെയും വളരെ സാവധാനത്തിലോ വളരെ വേഗത്തിലോ അല്ലാതെ വിവേക ചിന്തയോടെ, വേണ്ടതായ ഘടനാക്രമവും ശബ്ദഗുണവും ദീക്ഷിച്ചു കൊണ്ടുമായിരുന്നു ഹനുമാന്റെ ആശയവിനിമയം. അക്ഷരങ്ങൾ മുറിഞ്ഞും ഇഴഞ്ഞും വികൃതരൂപം പൂണ്ട ഒരു വാക്യം പോലും ഹനുമാന്റെ നാവിൽ നിന്നുതിരുന്നതേയില്ല. ഹനുമാനെക്കുറിച്ചുള്ള ആദ്യ സമാഗമ വേളയിലെ ശ്രീരാമന്റെ ഈ വിലയിരുത്തൽ ഒട്ടും പിഴച്ചില്ലെന്ന് പിന്നീട് ആഞ്ജനേയൻ തെളിയിക്കുന്നുമുണ്ട്. രാമസുഗ്രീവ സഖ്യത്തിന് നിദാനഭൂതനായതും മദിര നുണഞ്ഞ് കർത്തവ്യം വിസ്മരിച്ച സുഗ്രീവനെ ഉപദേശിച്ച് നേർവഴിക്ക് നയിക്കുന്നതും സഖ്യസന്ദർഭത്തിൽ നൽകിയ വാക്കുകൾ മറന്ന സുഗ്രീവനോട് അതിരറ്റ് കോപിക്കുന്ന ലക്ഷ്മണനെ നല്ല വാക്കുകൾ പറഞ്ഞ് ശാന്തനാക്കുന്നതും ഹനുമാൻ തന്നെ.
ദൗത്യനിർവഹണത്തിലും സമർത്ഥൻ
സീതാന്വേഷണത്തിന്റെ നേതൃപദവിയലങ്കരിച്ചത് അംഗദനാണെങ്കിലും തന്റെ അംഗുലീയവും അടയാളവാക്യവും ശ്രീരാമൻ വിശ്വാസപൂർവം ഏൽപ്പിച്ചതും ഹനുമാനെയാണ്. തന്റെ ദൂതനാകാൻ സർവഥാ യോഗ്യൻ ഹനുമാനാണെന്ന് ശ്രീരാമൻ നിശ്ചയിച്ചത് അദ്ദേഹത്തിന്റെ ദൗത്യനിർവഹണ പാടവവും ആശയവിനിമയവൈദഗ്ദ്ധ്യവും നേതൃശേഷിയും കരുത്തും ശ്രീരാമന് നേരിട്ട് ബോദ്ധ്യപ്പെട്ടതിനാലാണ്. കിഷ്കിന്ധാകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും ഹനുമാന്റെ യുദ്ധവീര്യവും പ്രത്യുല്പന്നമതിത്വവും അവികലമായ വാഗ്ശക്തിയും ആവോളം പ്രകടമാകുന്നുണ്ട്. വാനരസൈന്യത്തിൻ്റെ യുദ്ധവിന്യാസരീതി നിശ്ചയിക്കുന്നതിലും ഹനുമാന്റെ വാക്കുകൾ നിർണായകപങ്ക് വഹിക്കുന്നുണ്ട്.
ബ്രഹ്മവിദ്യയായ സീതയെ ദർശിക്കുവാൻ ഹനുമാന് സാധിച്ചതുതന്നെ സാത്വികമായ ഈ വിദ്വത്വത്തിന്റെ സദ്ഫലമായിട്ടായിരുന്നു. സംസാരസമുദ്രം തരണം ചെയ്ത് ജീവാത്മാവ് അദ്ധ്യാത്മസാധനയിൽ ലയിച്ച് ബ്രഹ്മവിദ്യയെ അറിഞ്ഞ് ജന്മം സഫലമാക്കുന്നത് എങ്ങനെയെന്നറിയുവാൻ ഹനുമാന്റെ ജീവിതം പഠിച്ചാൽ മതിയാവും. ജ്ഞാനലബ്ധിയുടെ അപൂർവമായ ചാരിതാർത്ഥ്യം ഹനുമാന് സ്വന്തമായെന്ന് സ്പഷ്ടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |