@ 4 മരണം, രോഗികൾ 10
കോഴിക്കോട്: ജില്ലയിൽ എലിപ്പനി മരണം കൂടിയതോടെ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഈ മാസം ഇതുവരെ നാലുപേർ മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. കാരശ്ശേരി, തിരുവങ്ങൂർ, പെരുമണ്ണ, ചാലിയം സ്വദേശികളാണ് മരിച്ചത്. 10 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. നിരവധി പേർ രോഗലക്ഷണങ്ങളോടെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. മലയോര പ്രദേശങ്ങളിലാണ് രോഗ ലക്ഷണം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തവണ മഴക്കാല പൂർവശുചീകരണം വൈകിയതാണ് എലിപ്പനി പടരാൻ ഇടയാക്കിയതെന്നാണ് ഉയരുന്ന ആരോപണം. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, ചിക്കൻ പോക്സ് എന്നിവ ബാധിച്ച് ചികിത്സ നേടുന്നവരും ഏറിവരികയാണ്. ഇടവിട്ടുള്ള മഴ സാംക്രമിക രോഗങ്ങൾ പടരാൻ ഇടയാക്കിയെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഈ മാസം 18 വരെ 192 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയത്. ഒരു മരണവും ഉണ്ടായി. 108 പേർ ഡെങ്കിപ്പനിയ്ക്ക് ചികിത്സ തേടി.
വൈറലായി വൈറൽ പനി
ഈ മാസം 18 വരെ സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 14,768 പേരാണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ കണക്കെടുത്താൽ ഇതിലും കൂടും. ശരാശരി 1000ലധികം പേർ പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്നുണ്ട്. പനി, ശരീര വേദന, തലവേദന, ഛർദ്ദി, വയറിളക്കം, തലചുറ്റൽ തുടങ്ങിയ ലക്ഷണങ്ങളുമായാണ് പലരും ആശുപത്രികളിലെത്തുന്നത്. ഇതിൽ തന്നെ വെെറൽ പനിയാണ് പലർക്കും. പനി കേസുകൾ വർദ്ധിച്ചതോടെ സർക്കാർ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും മെഡിസിൻ വാർഡുകൾ പനി ബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
എലിപ്പനി
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗം
ലെപ്റ്റോസ്പൈറ ബാക്ടീരിയയാണ് എലിപ്പനി പകരുന്നത്.
എലി, നായ, കന്നുകാലികൾ മുതലായവയുടെ മൂത്രം വഴി ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെ മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ ശരീരത്തിൽ പ്രവേശിച്ചാണ് രോഗബാധയുണ്ടാക്കുന്നത്
പ്രതിരോധം
ഓടകൾ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ കൈയുറ, കാലുറ തുടങ്ങിയവ ധരിക്കാതെ ജോലി ചെയ്യുന്നവർ ആഴ്ചയിൽ ഒരിക്കൽ ഭക്ഷണശേഷം 100 മില്ലിഗ്രാം 2 ഡോഗ്സി സൈക്ലിൻ കഴിക്കണം
കന്നുകാലികളെ കുളിപ്പിക്കുന്ന തോട് ,കുളം, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ കുളിക്കുകയോ മുഖം, വായ, കൈകാലുകൾ എന്നിവ കഴുകുകയോ ചെയ്യരുത്.
മൃഗങ്ങളുടെ വിസർജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം
ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുകയോ കൂട്ടിയിടുകയോ ചെയ്യരുത്
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുത്
പനി- 14,768
മഞ്ഞപ്പിത്തം- 192
ഡെങ്കിപ്പനി-108
എലിപ്പനി-10
മരണം
മഞ്ഞപ്പിത്തം-1
എലിപ്പനി-4
''ജനങ്ങൾ ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ഡോഗ്സി സൈക്ലിൻ മരുന്ന് കഴിക്കണം. സ്വയം പ്രതിരോധത്തിന് മുതിരാതെ ചികിത്സ തേടണം- ഡോ. രാജാറാം. ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |