ന്യൂഡൽഹി: സൗദിയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടത്തിനും എണ്ണ സംസ്കരണശാലയ്ക്കും നേരെയുണ്ടായ ഡ്രോണാക്രമണത്തിന് തൊട്ടുപിന്നാലെയുണ്ടായ എണ്ണ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ റഷ്യ സഹായിക്കും. റഷ്യയുടെ എറ്റവും വലിയ എണ്ണകമ്പനിയായ റോസ്‌നെഫ്റ്റാണ് ഇന്ത്യയ്ക്ക് എണ്ണ നൽകുക.
സൗദിയിലെ എണ്ണപ്രതിസന്ധി ഇന്ത്യയെ ബാധിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും റോസ്‌നെഫ്റ്റ് ചെയർമാൻ ഇഗർ സേച്ചിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ എണ്ണവില വർദ്ധനവ് ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
മൊത്തം ഉപഭോഗത്തിന്റെ 80ശതമാനം ക്രൂഡോയിലും 18 ശതമാനം പ്രകൃതി വാതകവും ഗൾഫ് മേഖലയിൽ നിന്ന് മാത്രം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ ആക്രമണം മൂലം ക്രൂഡ് ഓയിലിന്റെ വിലയിൽ ഉണ്ടായ പെട്ടെന്നുള്ള വർദ്ധന ഇന്ത്യയെ സാരമായി ബാധിച്ചു.
ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചിലവുകളെയും വ്യാപാര കമ്മിയെയുമാണ് ഇത് കാര്യമായി ബാധിക്കുക. എണ്ണവിലയിൽ ഉണ്ടാകുന്ന ഓരോ ഡോളർ വിലവർദ്ധനയും ഒരു വർഷത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവുകളിൽ 10,700 കോടിയുടെ വർദ്ധനവ് വരുത്തും. 2018-19 സാമ്പത്തിക വർഷത്തിൽ മാത്രം 111.9 ബില്ല്യൺ ഡോളറാണ് ഇന്ത്യ എണ്ണ ഇറക്കുമതിക്കായി ചിലവഴിച്ചത്.
ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം പകുതിയായിരുന്നു. ഇതോടെ പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയാണ് നഷ്ടമാവുക. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലിൽ നിന്ന് 41ലക്ഷം ബാരലായി കുറയും. കനത്ത നാശനഷ്ടമുണ്ടായ ബുഖ്‍യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും പുനരുദ്ധാരണ നടപടികൾ പുരോഗമിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണ് ബുഖ്‍യാഖിലേത്. ലോകത്തെ പ്രതിദിന എണ്ണ വിതരണം പത്ത് കോടി ബാരലാണ്. അതിന്റെ പത്ത് ശതമാനം ആണ് സൗദി ഉൽപ്പാദിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |