ഒറ്റപ്പാലം: ലക്കിടി, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ മായന്നൂർ മേൽപാലത്തിന് സമീപം റെയിൽപാളത്തിൽ മൂന്നിടത്തായി ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി.ട്രെയിനുകൾക്ക് അപകടം സംഭവിക്കാവുന്ന വിധത്തിൽ ക്ലിപ്പുകൾ പാളത്തിൽ ഉറപ്പിച്ച നിലയിലായിരുന്നു. ട്രെയിൻ അട്ടിമറി ശ്രമമെന്ന സംശയത്തിൽ റെയിൽവേ പൊലീസും ആർ.പി.എഫും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി.വി കാമറകൾ അടക്കം പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് കടന്ന് പോയ മൂന്ന് ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാർ ട്രെയിനുകൾക്ക് അസ്വാഭാവികമായ ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ട്രെയിനുകൾക്ക് അധികൃതർ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. പാലക്കാട്-നിലമ്പൂർ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തിന് കുറുകെ അപായകരമായ രീതിയിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്. അടുത്തടുത്തായി മൂന്നിടത്ത് ക്ലിപ്പുകൾ ഉറപ്പിച്ചിരുന്നു. പാതകളിൽ കോൺക്രീറ്റ് സ്ലീപ്പറുകളും പാളങ്ങളും തമ്മിൽ ഉറപ്പിച്ച് നിറുത്തുന്ന ഇരുമ്പ് ക്ലിപ്പുകളാണ് പാളത്തിന് കുറുകെ ഉറപ്പിച്ചിരുന്നത്. നേരത്തെ കഞ്ചിക്കോട് ഭാഗത്തും സമാന സംഭവം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |