കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു. എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെയാണ് കേസ്. ഫേസ്ബുക്കിലാണ് വൃന്ദ അധിക്ഷേപ പോസ്റ്റ് പങ്കുവച്ചത്.
വൃന്ദ വിമ്മി എന്ന ഫേസ്‌ബുക്കി പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ഡി വൈ എഫ് നേതാവാണ് പൊലീസിൽ പരാതി നൽകിയത്. ഉമ്മൻചാണ്ടിയേയും കുടുംബത്തെയും വി എസ് അധിക്ഷേപിച്ചത് ഒരു കോൺഗ്രസുകാരനും മറന്നുപോകരുതെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
വി എസിനെ അധിക്ഷേപിച്ച് ഫേസ്‌ബുക്ക് കുറിപ്പിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യാസിൻ അഹമ്മദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഡി വെെ എഫ് ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിൽ വിട്ടു.
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അദ്ധ്യാപകനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപിനെയാണ് (45) കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയെടുത്തതിനുശേഷം തുടർ നടപടികളിലേയ്ക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. വി എസിന്റെ പേരെടുത്ത് പറയാതെയുള്ള പോസ്റ്റിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |