ന്യൂഡൽഹി: രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ നിയമപരമായ മാർഗങ്ങളിലൂടെ പുറത്താക്കുമെന്നും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്താകമാനം ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന് 2019 ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തങ്ങളുടെ സമ്മതം അറിയിച്ചിട്ടുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു.
'അസമിൽ മാത്രമല്ല ദേശത്ത് ആകമാനം പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് ഞങ്ങൾ(ബി.ജെ.പി) ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് വാഗ്‌ദാനം നൽകിയിരുന്നു. രാജ്യത്താകമാനമുള്ള പൗരന്മാരുടെ ഒരു പട്ടികയായിരിക്കുമിത്. അങ്ങനെയല്ലാത്തവരുടെ കാര്യത്തിൽ നിയമം അനുസരിച്ചാകും സർക്കാർ മുന്നോട്ട് നീങ്ങുക. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ഈ ഇത് നടപ്പാക്കാനുള്ള സമ്മതമാണ് ജനങ്ങൾ ഞങ്ങൾക്ക് തന്നത്.' ഹിന്ദി പത്രമായ 'ഹിന്ദുസ്ഥാൻ' സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
ഇതിനുമുൻപ്, ഉത്തർ പ്രദേശിലും, ഹരിയാനയിലും പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന രീതിയിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ഈ തീരുമാനത്തെ അനുകൂലിച്ച് കൊണ്ട് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും രംഗത്ത് വന്നിരുന്നു. അസമിൽ നടപ്പാക്കിയത് പോലെ പൗരത്വ രജിസ്റ്റർ ഹരിയാനയിലും നടപ്പാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. ശക്തവും ധീരവുമായ തീരുമാനമാണിതെന്നാണ് സംസ്ഥാനങ്ങളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള പ്രഖ്യാപനത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |