തിരുവനന്തപുരം: സ്കൂളുകളിൽ ഓഗസ്റ്ര് ഒന്നുമുതൽ ഫ്രൈഡ് റൈസ് അടക്കമുള്ള പുതുക്കിയ മെനു പ്രകാരം ഉച്ചഭക്ഷണം നൽകണമെന്നിരിക്കെ, ഫണ്ട് സംബന്ധിച്ച് വ്യക്തതയില്ലാത്തതിൽ പ്രഥമാദ്ധ്യാപകർക്ക് ആശങ്ക. പരിഷ്കരിച്ച മെനു സാമ്പത്തികബാദ്ധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ, തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിൽ തീരുമാനമായിട്ടില്ല.
തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് അനുവദിക്കണമെങ്കിൽ ബഡ്‌ജറ്റിന് മുമ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം. പുതിയ സാമ്പത്തികവർഷം ആരംഭിച്ച് മൂന്നുമാസം പിന്നിട്ടതിനാൽ ഇത് പ്രായോഗികമല്ല. സാമ്പത്തികകെട്ടുറപ്പുള്ള സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽനിന്ന് തുക അനുവദിക്കാനാവും. എന്നാൽ, ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങൾക്കും ഇത് സാധിക്കില്ല. സ്ഥിരമായി മാറ്റിവയ്ക്കേണ്ട ഫണ്ടായതിനാൽ, സർക്കാർ നിർദ്ദേശമില്ലാതെ തദ്ദേശസ്ഥാപനങ്ങൾ ഇത് പദ്ധതിയിൽപ്പെടുത്തിയേക്കില്ല.
തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ സാമൂഹ്യ അടുക്കളവഴി ഭക്ഷണം പാചകം ചെയ്ത് സ്‌കൂളുകളിലെത്തിക്കുന്നുണ്ട്. എന്നാൽ 6.78 രൂപയ്ക്ക് ഇത് സാദ്ധ്യമാവില്ല. പര്യാപ്തമായ ഫണ്ട് കണ്ടെത്തിയാൽ കുടുബശ്രീ വഴിയും പദ്ധതി നടപ്പാക്കാനാവും. 150 കുട്ടികൾക്ക് രണ്ട് പാചകത്തൊഴിലാളികൾ എന്ന കണക്കിൽ ജീവനക്കാരെ നിയമിക്കണമെന്നും അദ്ധ്യാപകർ ആവശ്യപ്പെടുന്നു.
നിർജീവം ഉച്ചഭക്ഷണ സമിതി
സ്കൂൾ ഉച്ചഭക്ഷണ നടത്തിപ്പിനായുള്ള സ്കൂൾ ഉച്ചഭക്ഷണസമിതി സംസ്ഥാനതലയോഗം ചേർന്നിട്ട് മൂന്നുവർഷം! പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഉദ്യോഗസ്ഥരെ കൂടാതെ രണ്ട് അദ്ധ്യാപകസംഘടന പ്രതിനിധികളും അംഗങ്ങളാണ്. 2022നുശേഷം സമിതി പുനഃസംഘടിപ്പിക്കുകയോ യോഗം ചേരുകയോ ചെയ്തിട്ടില്ലെന്ന് അദ്ധ്യാപകർ പറയുന്നു. ഫണ്ട് പ്രതിസന്ധിയടക്കം അദ്ധ്യാപകർ അവതരിപ്പിച്ചിരുന്നത് ഈ സമിതിയിലാണ്.
മതിയായ തുക അനുവദിക്കാത്തപക്ഷം ഉച്ചഭക്ഷണ പദ്ധതിയിൽനിന്ന് പ്രഥമാദ്ധ്യാപകരെ ഒഴിവാക്കി, ലാഭകരമായി നടത്താവുന്ന സർക്കാർ ഏജൻസികളെ ഏൽപ്പിക്കണം.
- കെ.അബ്ദുൽ മജീദ്,
സംസ്ഥാന പ്രസിഡന്റ്
കെ.പി.എസ്.ടി.എ
സാമ്പത്തികബാദ്ധ്യത പ്രഥമാദ്ധ്യാപകർക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. അടിയന്തര പരിഹാരം വേണം.
- ജി.സുനിൽകുമാർ,
ജനറൽ സെക്രട്ടറി,
കെ.പി.പി.എച്ച്.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |