തുറവൂർ : തീരദേശ പാതയിൽ അർദ്ധരാത്രി ട്രെയിൻതട്ടി ഗുരുതര പരിക്കേറ്റു പാളത്തിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. കുത്തിയതോട് സ്വദേശി അനിൽകുമാറിനെയാണ് കുത്തിയതോട് പൊലീസ് രക്ഷപ്പെടുത്തിയത്. 27ന് രാത്രി 12 ന് തഴുപ്പിനും വല്ലേത്തോടിനും ഇടയ്ക്ക് ഒരാളെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് തുറവൂർ റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. ഉടൻതന്നെ തുറവൂർ സ്റ്റേഷൻ മാസ്റ്റർ കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ വിവരം കൈമാറി. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ സാജു ജോസഫ്, സി.പി.ഒ രജിത്ത്, ഡ്രൈവർ സൈലുമോൻ എന്നിവർ സ്റ്റേഷൻ മാസ്റ്റർ പറഞ്ഞ സ്ഥലത്തെത്തി തിരച്ചിൽ നടത്തി ആളെ കണ്ടെത്തി. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ അനിൽ കുമാറിനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ മുതൽ ഇയാളെ കാണ്മാനില്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |