കുളനട: സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റാൻ കുളനട ഗ്രാമപഞ്ചായത്ത് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. ജില്ലയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മാന്തുക ഗവ.യു.പി സ്കൂൾ മുറ്റത്താണ് ബദാംമരം ഭീഷണിയാകുന്നത്. പ്രീ പ്രൈമറി മുതൽ എഴാംക്ലാസ്സുവരെ 203 വിദ്യാർത്ഥികളും ഹെഡ്മാസ്റ്റർ ഉൾപ്പടെ 12 അദ്ധ്യാപകരുമാണ് സ്കൂളിൽ ഉള്ളത്. മരത്തിന് സംരക്ഷണമൊരുക്കാനായി മുൻപ് നിർമ്മിച്ച കൽക്കെട്ട് പൂർണ്ണമായി ഇടിഞ്ഞതോടെ മണ്ണ് ഇടിഞ്ഞുമാറി വേരുകൾ തെളിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്. ഇതോടെ കാറ്റും മഴയുമെത്തുമ്പോൾ മരം ആടിയുലയുന്നത് അ ദ്ധ്യാപകരുടെ ചങ്കിടിപ്പ് വർദ്ധിപ്പിക്കും. മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് കുളനട ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പഞ്ചായത്തിന്റെ അനുമതിയില്ലാതെ സ്കൂൾ അധികൃതർക്ക് മരം മുറിക്കാനും കഴിയാത്ത സ്ഥിതിയാണ്. അപകടമുണ്ടാകുന്ന തരത്തിൽ സ്വകാര്യവ്യക്തികളുടെ വസ്തുവിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നും അല്ലാത്ത പക്ഷം ഉടമയുടെ പേരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാഭരണകൂടം ആവർത്തിക്കുമ്പോഴാണ് ഗുരുതരമായ ഇൗ അനാസ്ഥ.
സ്കൂൾ മുറ്റത്ത് നിൽക്കുന്ന അപടാവസ്ഥയിലായ മരം മുറിച്ചു മാറ്റേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വമാണ്. ഇതിനായി നിരവധി തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോട് ഇക്കാര്യം സൂചിപ്പിക്കുകയും ഒന്നിലധികം തവണ കത്തുനൽകുകയും ചെയ്തിട്ടുണ്ട്. ആഴ്ചകൾ പിന്നിട്ടിട്ടും മരം മുറിച്ചു മാറ്റാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കൊച്ചു കുട്ടികൾ പഠിക്കുന്ന സ്കൂളായതിനാൽ ഇടവേള സമയങ്ങളിൽ അദ്ധ്യാപകരുടെ കണ്ണുവെട്ടിച്ച് മരത്തിന് ചുറ്റും കുട്ടികൾ ഓടിക്കളിക്കുന്നതും അപകട സ്ഥിതി വർദ്ധിപ്പിക്കുന്നുണ്ട്.
ബിജുകുമാർ .ടി
ഹെഡ് മാസ്റ്റർ
ഗവ.യു.പി .സ്കൂൾ
മാന്തുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |