കോഴഞ്ചേരി : കോയിപ്രം ഗ്രാമത്തിലെ തൃക്കണ്ണാപുരം പാടശേഖരത്തിന്റെ കരയിൽ മുഴങ്ങിയ അലമുറകളുടെ നടുക്കത്തിൽ നിന്ന് പ്രദേശവാസികൾ മോചിതരായിട്ടില്ല. സുഹൃത്തുക്കളായ മിഥുനും രാഹുലും ദേവനും വിനോദത്തിനായി മീൻ പിടിക്കാൻ എത്തിയതായിരുന്നു. കോയിപ്രം ഗവൺമെന്റ് സ്‌കൂളിന് സമീപമുള്ള പുഞ്ചയിൽ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കളെ വെള്ളത്തിൽ കാണാതായി എന്നവാർത്ത ഗ്രാമത്തെ ഞെട്ടിച്ചു. നിലവിളികേട്ട് ഓടികൂട്ടിയവർ രണ്ടുപേരെ കരയ്ക്കെത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ മിഥുനും രാഹുലുമായിരുന്നു ആദ്യം മരണത്തിൽ ഒന്നിച്ചത്. കാണാതായ കുമ്പനാട് - നെല്ലിക്കൽ മാരൂപറമ്പിൽ ദേവൻ എന്നുവിളിക്കുന്ന ദേവശങ്കറിന്റെ (35) മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2.50ന് അഗ്നിശമനസേനയുടെ സ്‌കൂബാടീം പുഞ്ചയോടു ചേർന്നുള്ള ചെറുകാടില്‍ നിന്ന് കണ്ടെത്തി. മൃതശരീരം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂവരും കൂടി ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് തൃക്കണ്ണാപുരം പുഞ്ചയിൽ മീൻ പിടിക്കുകയായിരുന്നു. മിഥുനും രാഹുലും ഇലക്ട്രീഷൻമാരാണ്. തിരുവല്ല വെൺപാല സ്വദേശിയായ ദേവൻ വിവാഹം കഴിച്ചിരിക്കുന്നത് മാരൂപ്പറമ്പിൽ നിന്നാണ്. മരണപ്പെട്ട മിഥുന്റെ ഭാര്യ സഹോദരനായ ദേവൻ കഴിഞ്ഞ കുറെ കാലമായി ഭാര്യാഗൃഹത്തിലാണ് കഴിഞ്ഞിരുന്നത്. മൂവരും കൂടി വൈകുന്നേരം ഫൈബർ വള്ളത്തിൽ വല ഉപയോഗിച്ച് മത്സ്യംപിടിക്കാൻ ഇറങ്ങിയതാണ്. വള്ളത്തിൽ നിന്ന് വല വീശിയെറിഞ്ഞപ്പോൾ വള്ളം മറിയുകയായിരുന്നു. നീന്തലറിയാവുന്നവരായിരുന്നെങ്കിലും വർങ്ങളായി കൃഷിയില്ലാതെ കിടന്ന പുഞ്ചയിലെ വള്ളിപ്പടർപ്പുകളും പുല്ലും തടസമായി.
പ്രദേശവാസികൾ വെള്ളത്തിൽ ചാടി മുങ്ങിത്താഴുകയായിരുന്ന രണ്ടുപേരെ കരയ്ക്കെത്തിക്കുകയായിരുന്നു.
രണ്ടാൾ താഴ്ചയിൽ വെള്ളം
പമ്പാനദിയിൽ ജലനിരപ്പുയരുമ്പോൾ വെള്ളം കയറുന്ന പുഞ്ചയിൽ അപകടസമയത്ത് രണ്ടാൾ താഴ്ചയിലധികം വെള്ളമുണ്ടായിരുന്നു. അപകടമുണ്ടായ തൃക്കണ്ണാപുരം പുഞ്ചയിൽ വെള്ളക്കെട്ടും ചെടികൾ ഇടതൂർന്ന് വളർന്നുനില്ക്കുന്നതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. വള്ളത്തിൽ നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു. പുഞ്ചയിൽ മീൻ പിടിക്കുന്നതിന് കൊച്ചുവള്ളങ്ങളിൽ യുവാക്കൾ സഞ്ചരിക്കുന്നത് പതിവാണെങ്കിലും ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോ ജാഗ്രതയോ ഇല്ലാത്തതാണ് അപകടത്തിന് കാരണമാകുന്നത്. മരിച്ച മിഥുൻ കോയിപ്രം പള്ളിയോടത്തിലെ സജീവ തുഴച്ചിൽ ക്കാരനായിരുന്നു.
മരിച്ച കിടങ്ങന്നൂർ മണപ്പള്ളി ചാങ്ങച്ചേത്ത് മുകളിൽ രാഹുൽ സി.നാരായണന്റെ സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ നടക്കും. മിഥുന്റെയും ദേവന്റെയും സംസ്കാരം ബുധനാഴ്ചയായിരിക്കും. മിഥുന്റെയും ദേവന്റെയും നെല്ലിക്കലെ വീടുകളിലും രാഹുലിന്റെ കിടങ്ങന്നൂരിലെ വീട്ടിലും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ എത്തി അനുശോചനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |