കൊല്ലം: മെത്താംഫിറ്റാമിൻ വില്പനയ്ക്കായി കൈവശം സൂക്ഷിച്ച കേസിലെ പ്രതികൾക്ക് അഞ്ചുവർഷം കഠിനതടവും 25000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പന്മന ചോലമുറിയിൽ ശങ്കരവിലാസത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന ചവറ സ്വദേശി അകേഷ് കുമാർ (25), മൈനാഗപ്പള്ളി പൂവച്ചേരിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ഷാജഹാൻ (26) എന്നിവരെയാണ് രണ്ടാം അഡിഷണൽ സെഷൻസ് ജഡ്ജ് എസ്.ശ്രീരാജ് ശിക്ഷിച്ചത്.
2022 മേയ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട - ടൈറ്റാനിയം റോഡിൽ മുഖംമൂടി ജംഗ്ഷനിൽ നിന്ന് പെരുമനകുളം ഭാഗത്തേക്ക് സഞ്ചരിച്ചിരിക്കുകയായിരുന്ന എക്സൈസ് പട്രോളിംഗ് സംഘത്തെ കണ്ട് അകേഷ് കുമാറും ഷാജഹാനും ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോൾ 3.55 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെത്തിയെന്നാണ് കേസ്.
സ്കൂളിൽ ഒരുമിച്ച് പഠിച്ച പ്രതികൾ ലഹരി ഉപയോഗിച്ച് തുടങ്ങുകയും പിന്നീട് വിൽപ്പനയിലേക്ക് കടക്കുകയുമായിരുന്നു. അന്ന് രണ്ടാം പ്രതി അകേഷ് കുമാർ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.പ്രസന്നന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ബി.സന്തോഷ്, കിഷോർ, സുധീർ ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി. പിഴയൊടുക്കാതിരുന്നാൽ പ്രതികൾ അഞ്ചുമാസം കൂടി വീതം തടവ് അനുഭവിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |