അമരാവതി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയില്‍ വന്‍ മോഷണം. ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ഹിന്ദുപുരത്തുള്ള ശാഖയില്‍ നിന്ന് അജ്ഞാതര്‍ 11 കിലോയിലധികം സ്വര്‍ണാഭരണങ്ങളും 36 ലക്ഷം രൂപയും കൊള്ളയടിച്ചു. തുമുകുന്ന ചെക്ക്പോസ്റ്റിനടുത്തുള്ള ശാഖയിലാണ് സംഭവം നടന്നത്, ബാങ്കിന്റെ പിറകുവശത്തെ ജനലഴികണള്‍ മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് പ്രാഥമിക നിഗമനം.
വൈദ്യുതി സംവിധാനങ്ങള്‍ വിച്ഛേദിച്ച് സി.സി.ടി.വി പ്രവര്‍ത്തനരഹിതമാക്കുകയും ലോക്കര്‍ തുറക്കുകയും ചെയ്തു. കവര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം സംഭവസ്ഥലം പരിശോധിക്കുകയും ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുകയും ചെയ്തു.
സംഭവസമയത്ത് ബ്രാഞ്ചില്‍ സുരക്ഷാ ഗാര്‍ഡുകള്‍ ഇല്ലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒറ്റപ്പെട്ട നിലയിലിയിരുന്ന കെട്ടിടത്തിലായിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. മോഷ്ടാക്കള്‍ ആസൂത്രണം ചെയ്ത് നടത്തിയ കവര്‍ച്ചയാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
ചുറ്റുമുള്ള കെട്ടിടങ്ങളിലെയും കടകളിലെയും സിസി ടി.വി ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്, കൂടാതെ രക്ഷപ്പെടാനുള്ള സാധ്യതയുള്ള വഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, സൂചനകള്‍ക്കായി ഒരു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |