ഗുവാഹട്ടി: അസമീസ് നടി നന്ദിനി കശ്യപിന്റെ കാറിടിച്ച് 21കാരൻ മരിച്ചു. നൽബാരി പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥിയും ഗുവാഹട്ടി മുനിസിപ്പൽ കോർപ്പറേഷനിലെ പാർട്ട്‌ടൈം ജീവനക്കാരനുമായ സമീയുൾ ഹഖ് ആണ് മരിച്ചത്. യുവാവിനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞതിന് നടിയെ ഗുവാഹട്ടി പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെ മൂന്ന് മണിക്കായിരുന്നു കേസിനാസ്‌പദമായ സംഭവം. വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ അമിത വേഗതയിലെത്തിയ എസ്‌യുവി കാർ ഇടിച്ചുവീഴ്‌ത്തി. ശേഷം യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാർ നിർത്താതെ പോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടശേഷം നിർത്താതെപോയ കാറിനെ സമീയുള്ളിന്റെ സുഹൃത്തുക്കൾ പിന്തുടർന്നു. ഒരു അപ്പാർട്ട്‌മെന്റിന് സമീപത്ത് കാർ ഒളിപ്പിക്കാൻ നടി ശ്രമിക്കുന്നത് ഇവർ കണ്ടു. തുടർന്ന് യുവാക്കളും നന്ദിനിയും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സമീയുൾ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. നന്ദിനിയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്‌തെങ്കിലും അവർ ആരോപണം നിഷേധിച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിലാണ് നന്ദിനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |