കൊച്ചി: ഹയർ സെക്കൻഡറി ഓണപ്പരീക്ഷയ്‌ക്ക് വിദ്യാഭ്യാസ വകുപ്പ് ഏകീകൃത ചോദ്യപ്പേപ്പർ നൽകില്ല. മുൻ ചോദ്യപ്പേപ്പറുകൾ മാതൃകയാക്കി സ്‌കൂളുകൾ സ്വന്തമായി ചോദ്യപ്പേപ്പർ തയ്യാറാക്കണം. പ്രിൻസിപ്പൽമാരും അദ്ധ്യാപകരും എതിർപ്പറിയിച്ചെങ്കിലും ടൈംടേബിൾ മാത്രം നൽകാനാണ് തീരുമാനം.
ഏകീകൃത ചോദ്യപ്പേപ്പർ ഇല്ലാത്തത് പ്ളസ് ടുവിന് ശേഷം ഉന്നത പഠനത്തിന് പ്രവേശനപ്പരീക്ഷകൾ എഴുതേണ്ട വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുമെന്ന് അദ്ധ്യാപകർ പറയുന്നു. പത്താം ക്ലാസ് വരെ വകുപ്പിന്റെ ചോദ്യപ്പേപ്പർ നൽകുമ്പോൾ ഹയർ സെക്കൻഡറിക്ക് കഴിഞ്ഞ വർഷം ഏകീകൃത ചോദ്യപ്പേപ്പർ നിറുത്തലാക്കിയിരുന്നു. പ്രിൻസിപ്പൽമാർ പ്രതിഷേധിച്ചപ്പോൾ ഈ വർഷം നൽകാമെന്ന ഉറപ്പ് ലംഘിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നു.
എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച സ്‌കീമനുസരിച്ചാണ് ഹയർ സെക്കൻഡറിയിലെ പഠനം. പുതുക്കിയ പാറ്റേൺ അനുസരിച്ച് വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ പരിചയപ്പെടാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഏകീകൃത ചോദ്യപ്പേപ്പർ ആവശ്യമാണെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിടമൂർത്തി പറഞ്ഞു.
ചെലവ്
ഒഴിവാക്കൽ
ഏകീകൃത ചോദ്യപ്പേപ്പർ തയ്യാറാക്കി അച്ചടിച്ച് സംസ്ഥാനത്തെ സ്‌കൂളുകളിൽ എത്തിക്കുന്ന ചെലവും ശ്രമവും ഒഴിവാക്കാനാണ് വകുപ്പിന്റെ തീരുമാനമെന്നാണ് സൂചനകൾ. 46 വിഷയങ്ങളാണ് ഹയർ സെക്കൻഡറി പരീക്ഷയിലുള്ളത്.
'പൊതു പരീക്ഷാ മാതൃകയിൽ ടേം പരീക്ഷയിലും ഏകീകൃത ചോദ്യപ്പേപ്പറുകൾ നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം.'
-അനിൽ എം. ജോർജ്
ജനറൽ സെക്രട്ടറി
എച്ച്.എസ്.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |