കൊച്ചി: പറങ്കികളും ലന്തക്കാരും ഇംഗ്ലീഷുകാരും പോരടിച്ച ഫോർട്ട്‌കൊച്ചിയിൽ 'ചരിത്ര തർക്കം". കൊച്ചി അഴിമുഖത്തോടുചേർന്ന് കണ്ടെത്തിയ കരിങ്കൽ അവശിഷ്ടങ്ങളാണ് കാരണം. 1503ൽ പോർച്ചുഗീസുകാർ നിർമ്മിക്കുകയും പിൽക്കാലത്ത് ഡച്ച് സൈന്യം തകർക്കുകയും ചെയ്ത ഇമ്മാനുവൽ കോട്ടയുടെ ചെങ്കൽ അവിശിഷ്ടങ്ങൾക്കൊപ്പമാണ് അഴിമുഖത്തും തീരത്തും കരിങ്കൽ ശേഷിപ്പുകൾ കണ്ടെത്തിയത്.
1100 വർഷം മുൻപ് പശ്ചിമകൊച്ചിയിൽ നിലനിന്ന ബുദ്ധപാരമ്പര്യത്തിന്റെ ബാക്കിപത്രമാണ് ഇവയെന്ന് ചില ചരിത്രകാരന്മാരും ഗവേഷകരും പറയുന്നു. എന്നാൽ പോർച്ചുഗീസ് കാലത്തെ പള്ളിയുടെ അവശിഷ്ടങ്ങളാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. പൗരാണിക ക്ഷേത്ര അവശിഷ്ടങ്ങളാണെന്നും വാദമുണ്ട്.
മട്ടാഞ്ചേരിയിലെ ജൂതൻമാർക്ക് പ്രിയങ്കരനായ താഹ ഇബ്രാഹിമാണ് കടലിനടിയിൽ ഇമ്മാനുവൽ കോട്ടയുടെ അവശിഷ്ടങ്ങൾക്കായി ആദ്യം തെരച്ചിൽ നടത്തിയത്. മൂന്ന് ചെങ്കൽ അവശിഷ്ടങ്ങൾ അദ്ദേഹം കണ്ടെത്തി. ഫോർട്ട്കൊച്ചിയിൽ വാട്ടർ മെട്രോ ജെട്ടി സ്ഥാപിക്കാൻ മണ്ണുകുഴിച്ചു തുടങ്ങിയപ്പോഴാണ് വലിയ കരിങ്കൽ അവശിഷ്ടങ്ങൾ കിട്ടിയത്. ഇതിന് പടിഞ്ഞാറ് ചീനവലകളുടെ ഭാഗത്ത് 11 കരിങ്കല്ലുകൾ കൂടി കണ്ടെടുത്തു.
കണ്ടെത്തിയത് 28 കല്ലുകൾ
ചെറുതും വലുതുമായ 28 കല്ലുകളാണ് കിട്ടിയത്. 14 എണ്ണം പുരാവസ്തു വകുപ്പിന് കീഴിലെ ഫോർട്ട്കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവ് വളപ്പിലേക്ക് മാറ്റി. മൂന്നെണ്ണം ഇമ്മാനുവൽ കോട്ടയുടേതെന്ന് കരുതുന്ന ചെങ്കല്ലുകളാണ്. 11 എണ്ണം കരിങ്കല്ലിൽ നിർമ്മിച്ച തൂണുകൾ, സ്തംഭങ്ങൾ, അടിസ്ഥാനം എന്നിവയുടെ ഭാഗങ്ങൾ.
കുസാറ്റ് ഗവേഷണം
കരിങ്കല്ലിന്റെ ചെറിയൊരു ഭാഗം ഗവേഷണത്തിനായി കുസാറ്റിലെ മറൈൻ ആർക്കിയോളജി വകുപ്പിന് കൈമാറിയിരുന്നു. പോർച്ചുഗീസ് പള്ളിയുടെ അവശിഷ്ടങ്ങളാണെന്ന ഇവരുടെ അഭിപ്രായങ്ങൾ പുറത്തുവന്നെങ്കിലും തങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പുരാവസ്തു വകുപ്പ് പ്രതികരിച്ചു. പള്ളിയുടെ ഭാഗമാണെന്ന നിഗമനത്തെ എതിർത്ത് പലരും രംഗത്തുണ്ട്. ബുദ്ധവിഹാരങ്ങളിലേതിന് സമാനമാണ് അവശിഷ്ടങ്ങളെന്ന് പുരാവസ്തു വകുപ്പിൽ നിന്ന് വിരമിച്ച കെ. ഹരികുമാർ അഭിപ്രായപ്പെടുന്നു. കൂടുതൽ ഗവേഷണം നടത്തേണ്ട പുരാവസ്തു വകുപ്പാകട്ടെ അതിന് തയ്യാറായിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |