രാമായണത്തിൽ ഒരുപാട് ദുഷ്ട കഥാപാത്രങ്ങളുണ്ട്. ചികഞ്ഞു നോക്കിയാൽ സന്മാർഗികളെക്കാൾ ദുർമാർഗികളാണ് ഇതിഹാസ ഗ്രന്ഥത്തിലെന്നു കാണാം. ഈ ദുഷ്ട കഥാപാത്രങ്ങളെല്ലാം സാഹചര്യങ്ങളുടെ സൃഷ്ടികളാണെന്നും കാണാം. അവരിലൊക്കെയുമുണ്ട് ചില നന്മകൾ. രാമായണകഥ തന്നെ രാമ, രാവണ യുദ്ധമാണ്. എന്നാൽ രാമൻ ഒരിക്കലും രാവണനെ ശത്രുവായി കണ്ടിട്ടില്ല. രാമ, രാവണ യുദ്ധം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമായിരുന്നു. ശ്രീരാമ പത്നി സീതയെ അപഹരിച്ചുവെന്നത് മാത്രമല്ല രാവണനിലെ തിന്മ. ആ കാലഘട്ടത്തിലെ എല്ലാ തിന്മകളുടെയും പ്രതീകമായിരുന്നു രാവണൻ. രാമായണത്തിൽ വിദ്വേഷങ്ങളുണ്ട്, സങ്കടങ്ങളുണ്ട്, പരാജയങ്ങളുണ്ട്. പക്ഷേ, അവയൊന്നും സംസ്കാരത്തിന്റെ സീമ ലംഘിച്ചില്ല.
രാവണന് 10 തലകളുള്ളതായിട്ടാണ് രാമായണത്തിൽ ചിത്രീകരിക്കുന്നത്. നമ്മുടെ വിചാരങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. അപ്പോൾ 10 തലയുള്ള രാവണന്റെ വിചാരവികാരങ്ങൾ എങ്ങനെയായിരിക്കുമെന്നാണ് രാമായണകഥ പറയുന്നത്. ഒരു തലയുള്ള മനുഷ്യന് അവനെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ രാമായണത്തിലെ രാവണൻ എങ്ങനെ കുറ്റക്കാരനാകും? രാവണൻ ഒരു തികഞ്ഞ ശിവഭക്തനായിരുന്നു. തന്റെ കുടുംബത്തെ എന്നും കൂടെ നിറുത്തി സംരക്ഷിച്ചിരുന്നു. അതിലുപരി, സീതയെ ഒരു തരത്തിലും അപമാനിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. ലങ്കയ്ക്ക് അലങ്കാരവുമായിട്ടായിരുന്നു രാവണൻ സീതയെ അപഹരിച്ചത്. ഇഷ്ടമുള്ളതിനെ നേടാൻ കഴിയാതാകുമ്പോൾ കത്തിയും പെട്രോളുമായി ഒളിഞ്ഞിരിക്കുന്ന ഭീരുക്കളുടെ കലിയുഗത്തിൽ ത്രേതായുഗ രാവണൻ വെറും നിരുപദ്രവിയായ ഒരു സൗന്ദര്യാരാധകൻ മാത്രം.
രാവണൻ ക്രൂരതയുടെ പര്യായമായിരുന്നെങ്കിൽ കൈകേയി നീച ചിന്തകളുടെ പര്യായമായാണ് രാമായണത്തിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, യുദ്ധഭൂമിയിൽ വേദന സഹിച്ച് തന്റെ വിരൽ രഥചക്രത്തിനുള്ളിൽ കയറ്റി ഭർത്താവിനെ രക്ഷിച്ചത് അവരിലെ നന്മയ്ക്ക് ഉദാഹരണമാണ്. ബാക്കിയെല്ലാം സാഹചര്യങ്ങളും കാലം കരുതിവച്ച കണക്കുകളുമെന്ന് പറയാം. അന്ന് കൈകേയി അത് ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ബാക്കി ചരിത്രങ്ങൾക്ക് ദശരഥ മഹാരാജാവ് അവശേഷിക്കുമായിരുന്നില്ല.
രാമായണം പറഞ്ഞു തരുന്നത് നന്മയിലൂന്നിയ, സംസ്കാരത്തിലൂന്നിയ പ്രതിരോധങ്ങളെ പറ്റിയാണ്. ആരെയും ശത്രുവായി കാണാത്ത പോരാട്ടം. തോൽവി വ്യക്തികൾക്കല്ല, ദുഷ്ടചിന്തകൾക്കും കർമ്മങ്ങൾക്കുമാണ്. നമുക്കിന്ന് അന്യമാകുന്നതും ഈ ആശയത്തിലൂന്നിയ പോരാട്ടവും പ്രതിരോധവുമാണ്. ഇത് തിരികെ പിടിക്കാൻ രാമായണ പാരായണവും മനനവും തീർച്ചയായും സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |