ആലപ്പുഴ: തീരദേശപാതയിലെ ട്രെയിനുകളുടെ റേക്കുകൾ കുംഭമേളയ്ക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്ക് പുന:സ്ഥാപിക്കണമെന്ന് യാത്രക്കാർ. രാവിലെ എറണാകുളം ഭാഗത്തേക്ക് എത്തുന്നതിനെക്കാൾ വലിയ ബുദ്ധിമുട്ടാണ് വൈകിട്ടത്തെ തിരിച്ചുള്ള യാത്ര. കുംഭമേളയ്ക്കായി വിവിധ ട്രെയിനുകൾ തിരിച്ചുവിടുന്നതുവരെ ക്ലേശങ്ങളില്ലാതെ നടന്നിരുന്ന സർവീസുകൾ ഇപ്പോൾ പലപ്പോഴും വൈകിയാണ് ഓടുന്നത്.
മുമ്പ് വൈകിട്ട് 4.30ന് എറണാകുളം സൗത്തിലെത്തിയിരുന്ന ഗുരുവായൂർ- എറണാകുളം പാസഞ്ചറാണ് വൈകിട്ട് 6.25ന്റെ ആലപ്പുഴ-കായങ്കുളം സർവീസായി നടത്തിയിരുന്നത്. ഏകദേശം രണ്ട് മണിക്കൂറുകൾക്ക് മുമ്പ് ട്രെയിൻ പ്ലാറ്റ്ഫോമിലെത്തുന്നതിനാൽ തിക്കും തിരക്കുമില്ലാതെ യാത്ര ചെയ്യാമായിരുന്നു.
എന്നാൽ, ഇപ്പോൾ വൈകിട്ട് കായംകുളത്ത് നിന്ന് കോട്ടയം വഴിയെത്തുന്ന ട്രെയിനാണ് മെമുവായി ആലപ്പുഴ വഴി കായംകുളത്തേക്ക് സർവീസ് നടത്തുന്നത്. ഈ ട്രെയിൻ പലപ്പോഴും 6.30 ഓടെയാണ് എത്തുന്നത്. വൈകിട്ട് നാലരയോടെ എത്തുന്ന യാത്രക്കാർ ട്രെയിനിനായി കാത്തിരിക്കണം.
തിക്കുംതിരക്കും ഉപദ്രവങ്ങളും
#വൈകിട്ട് കായംകുളത്തേക്കുള്ള ട്രെയിൻ പ്ലാറ്റ്ഫോമിലെത്തുമ്പോൾ നൂറുകണക്കിന് യാത്രക്കാരാണ് തിക്കും തിരക്കും കൂട്ടി പാഞ്ഞടുക്കുന്നത്
#പ്രായമായവരെയും കുട്ടികളെയും ഞെരുക്കി ട്രെയിനിലേക്ക് കയറിക്കൂടാൻ ശ്രമിക്കുന്നതിനിടെ സ്ത്രീകൾക്ക് ഉപദ്രവം ഏൽക്കുന്നത് പതിവാണ്
#സീറ്റുകളെല്ലാം നിറയുന്നതോടെ പിന്നെ വാതിലിൽ നിന്നാണ് പലരുടെയും യാത്ര
#കുംഭമേളയ്ക്കായി കൊണ്ടുപോയ ട്രെയിനുകളെല്ലാം തിരിച്ചെത്തിയതായി റെയിൽവേ പറയുന്നുണ്ടെങ്കിലും ഇതിന്റെ ഗുണം ലഭിച്ചിട്ടില്ലെന്ന് യാത്രക്കാരും പറയുന്നു
വൈകിട്ടുള്ള എറണാകുളം- കായംകുളം മെമു സർവീസ് കുംഭമേളയ്ക്ക് മുമ്പുണ്ടായിരുന്നതുപോലെ പുനസ്ഥാപിക്കണം
-പി.എം. നൗഷിൽ , ജില്ലാ സെക്രട്ടറി, ഫ്രണ്ട്സ് ഓൺ റെയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |