ഹോംനഴ്സിന്റെ ഭർതൃസഹോദരൻ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു
മാഹി: കോടിയേരി മലബാർ കാൻസർ സെന്ററിലെ നഴ്സ് പന്തക്കൽ ഊരോത്തുമ്മൻ ക്ഷേത്രത്തിന് സമീപം സപ്രേമേയയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി രമ്യ രവീന്ദ്രന്റെ വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണവും സൗഉദി റിയാലുകളും കവർന്ന കേസിൽ ഹോം നഴ്സ് ഷൈനി(29), ഭർത്താവ് ആറളം വേളിമാനം കോളനിയിലെ പനച്ചിക്കൽ ഹൗസിലെ ചേട്ടൻ ബാവ എന്ന പി.ദിലീപ് എന്നിവരെ കൂടി ഇന്നലെ മാഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ദിലീപിന്റെ സഹോദരൻ അനിയൻ ബാവ എന്ന പി.ദിനേഷിനെ കഴിഞ്ഞ ദിവസം ആറളത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു.
രമ്യയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച 15 പവൻ സ്വർണ്ണാഭരണങ്ങളും ദിനേഷിൽ നിന്നും കണ്ടെടുത്തു.കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്.ഭർത്താവ് ഷിബുകുമാറിന്റെ ജോലി കൊല്ലത്തായതിനാൽ രണ്ട് ചെറിയ കുട്ടികളുമായി വാടക വീട്ടിലാണ് രമ്യ താമസിക്കുന്നത്. കുട്ടികളെ നോക്കാൻ തലശ്ശേരിയിലെ ഒരു ഏജൻസിയിലൂടെയാണ് ഷൈനിയെ വീട്ടിൽ ഹോംനഴ്സായി നിർത്തുകയായിരുന്നു. എന്നാൽ ചുരുക്കം ദിവസങ്ങൾക്കുള്ളിൽ ഷൈനിയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടാത്തതിനെ തുടർന്ന് രമ്യ പ്രായം ചെന്ന ഹോം നേഴ്സിനെ ലഭിക്കാനായി ഏജൻസിയെ വീണ്ടും സമീപിക്കുകയായിരുന്നു. തുടർന്ന് ജോലി മതിയാക്കി മടങ്ങിയ ഷൈനി വീടിന്റെ താക്കോൽ കൈവശപ്പെടുത്തിയായിരുന്നു ആറളത്തെ വീട്ടിലെത്തിയത്. കുട്ടികളെ അടുത്ത വീട്ടിലാക്കി രമ്യ ജോലിക്ക് പോയ ശനിയാഴ്ച രാത്രിയിലായിരുന്നു വീട്ടിൽ മോഷണം നടന്നത്.
രമ്യയുടെ പരാതിയിൽ ഹോം നേഴ്സിനെ ചുറ്റിപ്പറ്റിയായിരുന്നു തുടക്കം മുതൽ അന്വേഷണം. പ്രതികളിലൊരാളായ ദിനേഷിനെ സി.ഐ പി.എ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച പിടികൂടിയിരുന്നു.തൊട്ടുപിറകെ കൊല്ലം മീനമ്പലത്ത് വച്ച് ജേഷ്ഠൻ പി.ദിലീപിനെയും ഭാര്യ ഷൈനിയേയും പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ,മൂന്ന് സ്മാർട്ടു വാച്ചുകൾ, 41 സൗദി റിയാൽ, മോട്ടോർ സൈക്കിൾ എന്നിവയും പിടിച്ചെടുത്തു.
അന്വേഷണ സംഘത്തിൽ പള്ളുർ എസ്.ഐ. വി.പി.സുരേഷ് ബാബു, ക്രൈം എസ്.ഐമാരായ.വി.സുരേഷ്, സുരേന്ദ്രൻ, എ.എസ്.ഐ.മാരായ വിനീഷ്, ശ്രീജേഷ്, സുജിത്ത്, വിനീത്, രാജേഷ്‌കുമാർ, പി.സി പ്രജീഷ്, റിൻഷ എന്നിവരാണ് ഉണ്ടായിരുന്നത്.
താക്കോൽ കൈവശപ്പെടുത്തി നൽകിയത് ഷൈനി;
കവർച്ച നടപ്പാക്കിയത് ഭർത്താവും സഹോദരനും
വീട്ടിലേക്ക് മടങ്ങുമ്പോൾ കൈവശപ്പെടുത്തിയ താക്കോൽ ഹോം നേഴ്സ് ഷൈനി നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഭർത്താവിനും ഭർതൃസഹോദരനുമായി നൽകുകായിരുന്നു.ഷൈനിയുടെ ഭർത്താവായ ദിലീപ് എന്ന ചേട്ടൻ ബാവയും സഹോദരൻ ദിനേഷ് എന്ന അനിയൻ ബാവയുമാണ് രമ്യയുടെ വീട്ടിൽ കയറി മോഷണം നടത്തിയത്. താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണാഭരണങ്ങൾ ഇരുവരും കവരുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം വാതിൽ പൂട്ടി താക്കോൽ ജനവാതിലിലൂടെ അകത്തേക്ക് ഇട്ടെന്നും പ്രതികൾ മാഹി സി.ഐ.അനിൽകുമാറിനോട് സമ്മതിച്ചു.
ചേട്ടൻ ബാവയും അനിയൻ ബാവയും സ്ഥിരം പ്രശ്നക്കാർ
ചേട്ടൻ ബാവക്കെതിരെ ആറളം പൊലീസ് സ്റ്റേഷനിൽ ഒൻപതും അനിയൻ ബാവയുടെ പേരിൽ പതിനാറും കേസുകളുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. ഇവയിൽ കൂടുതലും അടിപിടി, മോഷണക്കേസുകളാണ്. ദിനേഷിനെ 2023 മുതൽ 24 വരെ കാപ്പ ചുമത്തി തൃശൂർ വിയ്യൂർ ജയിലിലടച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |