കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ നേതൃത്വം ആഹ്വാനം ചെയ്തിട്ടും ആഭ്യന്തര പ്രശ്നങ്ങളിൽ പെട്ട് കണ്ണൂർ ജില്ലയിലെ കോൺഗ്രസ് സംവിധാനം. ഒന്നിന് പിറകെ ഒന്നെന്ന നിലയിലാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സ്വന്തം ജില്ലയിൽ പൊട്ടിത്തെറികളുണ്ടായിരിക്കുന്നത്. ഏറ്റവുമൊടുവിൽ കർഷക കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനും ഡി.സി.സി ജനറൽസെക്രട്ടറിയുമായ കെ.സി.വിജയന്റെ രാജിയിൽ വരെ എത്തിനിൽക്കുകയാണ് പാർട്ടിയിലെ ആഭ്യന്തരകലഹം.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനെതിരെയുള്ള വാട്സാപ്പ് ശബ്ദസന്ദേശം ചോർന്നതാണ് വിജയന്റെ രാജിയിൽ കലാശിച്ചത്. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ സന്ദേശം ചോർന്നതിന് തുല്യമായ രീതിയിലായിരുന്നു വിജയന്റെ വാട്സ് ആപ്പ് സന്ദേശം പുറത്തുവന്നത്. കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് ലീഡേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്നുള്ള സന്ദേശമാണ് വിവാദമായത്.ശബ്ദസന്ദേശം.ഇത് വിവാദമായതോടെ കെ.സി വിജയൻ ഡി.സി.സി ജനറൽ സെക്രട്ടറിസ്ഥാനം രാജിവെക്കുകയായിരുന്നു.സമവായത്തിനൊന്നും നിൽക്കാതെ കെ.പി.സി.സി പ്രസിഡന്റ് വിജയന്റെ രാജി സ്വീകരി
ക്കുകയും ചെയ്തു.
തളിപ്പറമ്പിലെ യു.ഡി.എഫ് കോട്ടയിൽ വിള്ളൽ
കണ്ണൂർ ജില്ലയിലെ യു.ഡി.എഫിന്റെ ശക്തമായ കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന തളിപ്പറമ്പ നഗരസഭയിലും കോൺഗ്രസ് കടുത്ത ആഭ്യന്തര കലഹത്തിന്റെ നടുവിലാണ്. തങ്ങളുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണം കോൺഗ്രസിലെ പ്രശ്നങ്ങൾ കാരണം നഷ്ടപ്പെടുമോയെന്ന ആശങ്ക മുസ്ലിം ലീഗിലും ശക്തമായിട്ടുണ്ട്.
തളിപ്പറമ്പ് കോൺഗ്രസിലെ ആഭ്യന്തരപ്രശ്നം പരിഹരിക്കാൻ ജില്ലാകമ്മിറ്റിയുടെ നിർദേശപ്രകാരം നടന്ന ചർച്ച പരാജയപ്പെട്ടു. തുടർന്ന് മുൻ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സി.സി. ശ്രീധരന്റെ വീട്ടിൽ വിമതവിഭാഗം യോഗം ചേർന്നു. കടുത്ത മത്സരം നടക്കുന്ന നഗരസഭയിലെ ആറ് സീറ്റുകളിൽ മത്സരിക്കാനാണ് ഇവരുടെ തീരുമാനം. കാക്കാൻചാൽ, നേതാജി, തൃച്ചംബരം, പാലകുളങ്ങര, പാളയാട്, പൂക്കോത്ത്‌തെരു എന്നീ വാർഡുകളിലാണ് വിമതർ മത്സരിക്കാൻ ഒരുങ്ങുന്നത്. പ്രാദേശികമായോ ജില്ലാതലത്തിലോ പരിഹരിക്കാവുന്ന പ്രശ്നമല്ല നിലവിൽ തളിപ്പറമ്പിലെ കോൺഗ്രസിലുള്ളത്. പ്രവർത്തകർക്ക് ഏറെ വൈകാരിക ബന്ധമുള്ള കെ.സുധാകരനോ കെ.പി.സി.സി. പ്രസിഡന്റോ നേരിട്ട് ഇടപെടേണ്ടിവരുമെന്നാണ് നിലവിലുള്ള അവസ്ഥ.
അവസരം മുതലാക്കാൻ സി.പി.എം
തളിപ്പറമ്പിൽ കോൺഗ്രസിന്റെ പ്രശ്നങ്ങൾ പ്രതീക്ഷയോടെയാണ് സി.പി.എം നോക്കിക്കാണുന്നത്.നഗരഭരണ തുടർച്ചയിൽ കോൺഗ്രസിൽ റിബൽ സ്ഥാനാർത്ഥികൾ വന്നാൽ അത് എൽ.ഡി.എഫിന് വലിയ നേട്ടമായിരിക്കും. വിമത വിഭാഗത്തെ ഒന്നോ രണ്ടോ വാർഡുകളിൽ എൽ.ഡി.എഫ് സഹായിക്കുകയും ചെയ്താൽ കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകും.
കെട്ടണയാതെ മാടായി കോളജ് വിവാദം
ജില്ലയിൽ സി.പി.എമ്മിനോട് കിടപിടിക്കുന്ന പയ്യന്നൂരിലെ ചില കേന്ദ്രങ്ങൾ, പഴയങ്ങാടി, മാടായി, കുഞ്ഞിമംഗലം പ്രദേശങ്ങളിൽ വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ നിലവിൽ മാടായി കോളേജിലെ നിയമന വിഷയത്തിൽ പാർട്ടിയുമായി നിസ്സഹകരണത്തിലാണ്.
എം.കെ രാഘവൻ എം.പിയുടെ ബന്ധുവായ സി.പി.എം പ്രവർത്തകന് കോളേജിൽ ഓഫീസ് അറ്റൻഡന്റായി നിയമനം നൽകിയതിലാണ് ഇവിടെ ഒരുവിഭാഗം ഇടഞ്ഞുനിൽക്കുന്നത്. വിഷയത്തിൽ രാഘവനെ പിന്തുണയ്ക്കുന്ന കോളേജ് ഡയറക്ടർമാരെയും പ്രതിഷേധിച്ച നേതാക്കളെയും സസ്‌പെൻഡ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു. കെ.പി.സി.സി നിയോഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ നിലവിൽ രംഗത്തുണ്ട്. ഈ വിഭാഗവും നിലവിൽ പാർട്ടി പ്രവർത്തനങ്ങളുമായി നിസഹകരണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |