നെടുമ്പാശേരി: പ്രതിവർഷം ഒരു കോടിയിലേറെ യാത്രക്കാരെത്തുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകും. ഡിസംബർ 25ന് നിർമ്മാണം ആരംഭിക്കുമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് അറിയിച്ചു.
15 വർഷം മുമ്പ് റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നതിന് അന്നത്തെ കേന്ദ്രമന്ത്രി ഇ. അഹമ്മദ് തറക്കല്ലിട്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം നടന്നിരുന്നില്ല. മുൻ എം.പിമാരായിരുന്ന കെ.പി. ധനപാലനും ഇന്നസെന്റും ഉയർത്തിയ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. അവസാനഘട്ടത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തിയത് നിലവിലെ എം.പി. ബെന്നി ബെഹനാനാണ്. ജലപാത കൂടി യാഥാർത്ഥ്യമായാൽ വ്യോമ, റെയിൽ, റോഡ്, ജല ഗതാഗത സംവിധാനങ്ങൾ സംഗമിക്കുന്ന ലോകത്തെ തന്നെ ചുരുക്കം വിമാനത്താവളങ്ങളിലൊന്നായി നെടുമ്പാശേരി മാറും. മെട്രോ റെയിലും നെടുമ്പാശേരിയിലേക്ക് നീട്ടാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.
സ്റ്റേഷൻ സൗകര്യങ്ങൾ
നിർദ്ദിഷ്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ കെട്ടിടം, ഹൈലെവൽ പ്ലാറ്റ്‌ഫോം, ഫുട് ഓവർബ്രിഡ്ജ്, പ്ലാറ്റ്‌ഫോമുകളിലേക്ക് ലിഫ്റ്റ് കണക്ടിവിറ്റി സൗകര്യം എന്നിവയുണ്ടാകും. വന്ദേഭാരത്, രാജധാനി ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകൾക്കും ഐ.ആർ.സി.ടി.സി. ടൂറിസ്റ്റ് പാക്കേജ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് ബെന്നി ബെഹനാൻ എം.പി. അറിയിച്ചു.
ഒന്നര പതിറ്റാണ്ട് മുമ്പ് കല്ലിട്ട പദ്ധതി
2010ൽ നെടുമ്പാശേരി റെയിൽവേ സ്റ്റേഷന് അന്നത്തെ കേന്ദ്രമന്ത്രി ഇ. അഹമ്മദാണ് തറക്കല്ലിട്ടത്. എന്നാൽ, അന്ന് റെയിൽവേ സ്റ്റേഷനായി കണ്ടെത്തിയ സ്ഥലമല്ല ഇപ്പോൾ പരിഗണിക്കുന്നത്. നേരത്തെ അകപ്പറമ്പ് റെയിൽവേ ഗേറ്റിന് സമീപമായിരുന്നു നിർദ്ദിഷ്ട സ്ഥലം. ഇപ്പോൾ പരിഗണിക്കുന്നത് ഏകദേശം 500 മീറ്ററോളം തെക്കുമാറിയാണ്. ഇവിടെ ആവശ്യമായ സ്ഥലം റെയിൽവേയ്ക്കുണ്ട്, റോഡ് സൗകര്യവുമുണ്ട്. നിർദ്ദിഷ്ട സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറും സിയാലിന്റെ സ്ഥലമാണ്.
വിമാനയാത്രക്കാർക്ക് വലിയ സൗകര്യം
നിലവിൽ വിമാനത്താവളത്തിലേക്ക് ട്രെയിൻ മാർഗം വരുന്നവർ ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. ആലുവയിൽ നിന്ന് ഏകദേശം 14 കിലോമീറ്ററും അങ്കമാലിയിൽ നിന്ന് 8 കിലോമീറ്ററുമാണ് വിമാനത്താവളത്തിലേക്കുള്ള ദൂരം. അങ്കമാലിയിൽ കുറച്ച് ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്. ഈ സാഹചര്യത്തിൽ വലിയ തുക ടാക്‌സിക്ക് നൽകിയാണ് യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്തുന്നത്. നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ യാത്രക്കാർക്ക് പണവും സമയവും ലാഭിക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |