മകൾ അറിന്റെ ഏറ്റവും പുതിയ ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് നടി അസിൻ . നീളൻ മുടിക്കാരിയായ കുഞ്ഞു അറിനെ ചിത്രത്തിൽ കാണാം.
സിനിമയിൽ നിന്ന് ഇടവേള എടുത്ത്, കുടുംബത്തിനൊപ്പം സന്തോഷം കണ്ടെത്തുകയാണ് തെന്നിന്ത്യയുടെ പ്രിയ നടി അസിൻ. സമൂഹമാദ്ധ്യമത്തിൽ സജീവം അല്ലെങ്കിലും, അറിന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി രാഹുൽ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലായിരുന്നു വിവാഹം. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറി. അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. മലയാളത്തിൽനിന്ന് അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.തെലുങ്കിൽനിന്ന് തമിഴിലേക്കും അവിടെനിന്ന് ബോളിവുഡിലേക്കും . തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. തുടർന്ന് അഭിനയിച്ച ‘ഗജിനി’ മഹാവിജയം നേടി. ശിവകാശി, പോക്കിരി, ദശാവതാരം എന്നീ ചിത്രങ്ങൾ അസിന്ഹി റ്റുകൾ സമ്മാനിച്ചു.