പാലക്കുന്ന്: മുത്തുമണികൾ കൊണ്ട് വീട്ടമ്മ തീർത്ത ഭഗവതിയുടെ ചിത്രം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ദണ്ഡാര വീട്ടിൽ സമർപ്പിച്ചു. തൃക്കണ്ണാട് എ.എൽ.പി സ്കൂളിന് സമീപത്തെ അപ്പുക്കൻ - ശാരദ ദമ്പതികളുടെ മകൾ ജയശ്രീ ഹരീഷാണ് 34,944 മുത്തുമണികൾ ഉപയോഗിച്ച് വരച്ച പാലക്കുന്നമ്മയുടെ ചിത്രം ക്ഷേത്രത്തിന് സമർപ്പിച്ചത്.
ചിത്രകാരി കൂടിയായ ജയശ്രീ വളരെകാലമായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു കഴിഞ്ഞ ദിവസം സഫലമായത്. ഭണ്ഡാരവീട്ടിൽ ക്ഷേത്ര മുഖ്യ കർമ്മി സുനീഷ് പൂജാരിയുടെയും കപ്പണക്കാൽ ആയത്താറുടെയും സാന്നിദ്ധ്യത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണൻ, മുൻ പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ, പി.വി രാജേന്ദ്ര നാഥ് കേവീസ്, റിട്ട. സംഗീത അദ്ധ്യാപിക പത്മാവതി, ഉദുമ ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ വിശാലക്ഷൻ, ശ്രീദേവി, റിട്ട. പ്രൊഫ. ഹരീഷ് എന്നിവർ ചേർന്നാണ് കൈമാറിയത്.
ജയശ്രീ ഇതിനകം നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. മഹാഗണപതിയുടെ ചിത്രം ദേർളക്കട്ട കുത്താറിൽ രാജരാജേശ്വരി ക്ഷേത്ര ത്തിലും, മുത്തപ്പവെള്ളാട്ട ചിത്രം മംഗലാപുരം റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിലും സമർപ്പിച്ചിരുന്നു. ഭർത്താവ് ഡോ. ഹരീഷ് വരയ്ക്കാൻ എല്ലാ പിന്തുണയും നൽകുന്നു.
ഗുരുക്കന്മാരുടെ സഹായം കൂടാതെ ജന്മനാ സ്വായത്തമാക്കിയ കഴിവുകൊണ്ടാണ് ചിത്രകലകളുടെ വിസ്മയലോകം ജയശ്രീ തീർക്കുന്നത്. ഡയമണ്ട് പെയിന്റിംഗ്, ക്ലോത്ത് എംബ്രോയ്ഡറിയടക്കം പല രീതികളിലുള്ള ചിത്രങ്ങൾ ആരെയും അത്ഭുത പ്പെടുത്തുന്നു. താമസ സ്ഥലമായ ദേർളക്കട്ട കുത്താറിൽ മനോഹരമായ പൂന്തോട്ടവും പച്ചക്കറി തോട്ടവുമടങ്ങുന്ന ലോകം തന്നെ ഇവർ തീർത്തിട്ടുണ്ട്. ആർട്ടിസ്റ്റ് ഉദുമയിലെ മനോജ് മേഘയുടെ കീഴിൽ മ്യൂറൽ പെയിന്റിംഗ് പഠിക്കുന്ന തിരക്കിലാണ് ജയശ്രീ ഇപ്പോൾ.
മുത്തുമണികൾ കൊണ്ട് ജയശ്രീ ഹരീഷ് തീർത്ത ഭഗവതിയുടെ ചിത്രം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ദണ്ഡാര വീട്ടിൽ സമർപ്പിച്ചപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |