തൊടുപുഴ: അപൂർവ രോഗം ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന യുവാവ് ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസുകളുടെ സഹായം തേടുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അരിക്കുഴ വരിക്കത്താനത്ത് പുത്തൻപുരയിൽ പരേതനായ വി.എസ്. തിരുമേനിയുടെ മകൻ അരുൺദേവാണ് (42) ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്നത്. ഒരു ദിവസം ശരാശരി 75,000 രൂപയാണ് അരുണിന് ആവശ്യമായ മരുന്നിന് മാത്രം ഇവിടെ ചെലവാകുന്നത്. ഓട്ടോ ഇമ്യൂൺ ഹെമൊലിറ്റിക് അനീമിയ എന്ന രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്ന രോഗമാണ് അരുൺദേവിന്. എറണാകുളത്തെ ഹോട്ടലിൽ ഷെഫായിരുന്ന അരുണിന്റെ ജീവിതം മാറ്റി മറിച്ചത് നാല് വർഷം മുമ്പ് വന്ന ഒരു പനിയാണ്. ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും പനിക്കൊപ്പം ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് എന്തുകൊണ്ടാെണെന്ന് കണ്ടുപിടിക്കാനായില്ല. തുടർന്ന് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് രോഗമെന്താണെന്ന് മനസിലാകുന്നത്. തുടർന്ന് ഏറെ നാൾ ഇവിടത്തെ ചികിത്സയിലായിരുന്നു. ഇതിനിടെ നഴ്സായ ഭാര്യ സോണി ലോണെടുത്ത് വിദേശത്തേക്ക് പോയെങ്കിലും അവിടെ ജോലി ശരിയാകാതെ മടങ്ങേണ്ടി വന്നു. ഇതിന്റെ കടവും ഭവന വായ്പയും ഏഴ് വയസുള്ള കുട്ടിയുടെ പഠനവും ചികിത്സാ ചെലവുമെല്ലാം കുടുംബത്തെ സാമ്പത്തിക പ്രയാസത്തിലാക്കി. ഇതിനിടെ മൂന്നാഴ്ച മുമ്പാണ് അരുണിന് വീണ്ടും പനി വരുന്നത്. വൈറൽ പനിയാണെന്ന് കരുതി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. എന്നാൽ ശ്വാസകോശത്തിൽ അണുബാധയായി ഇത് മാറി. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് നേരം നൽകുന്ന പതിനായിരം രൂപയുടെ ഇഞ്ചക്ഷനടക്കം ഒരു നേരം 75,000 രൂപയോളം ഒരു ദിവസം ശരാശരി ചെലവ് വരുന്നുണ്ട്. നിലവിലെ ചികിത്സ തുടർന്നാൽ അരുൺ രക്ഷപെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഓരോ ദിവസവും ഇത്രയധികം പണം കണ്ടെത്താനാകുന്നില്ലെന്നതാണ് പ്രശ്നം. സാമ്പത്തികമായി തകർന്ന കുടുംബം നിലവിൽ സുമനസുകളുടെ സഹായത്താലാണ് മുന്നോട്ടുപോകുന്നത്. എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖാംഗങ്ങൾ, സി.പി.എം പാർട്ടി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ചെറിയ തോതിൽ പണം കണ്ടെത്തി നൽകിയിരുന്നു. എന്നാൽ ചികിത്സ തുടരണമെങ്കിൽ സുമനസുകളാരെങ്കിലും സഹായിക്കണം. അരുണിന്റെ ഭാര്യ സോണിയുടെ ആക്സിസ് ബാങ്കിലെ അക്കൗണ്ട് നമ്പർ- 911010036214637 (ഐ.എഫ്.സിസി കോഡ്-UTIB0000015). ഗൂഗിൾപേ നമ്പർ- 7510302459.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |