കൽപ്പറ്റ: കേരള ഖിസ്സപ്പാട്ട് സംഘം 30ാം വാർഷിക പ്രഖ്യാപന സമ്മേളനം നാലിന് വെങ്ങപ്പള്ളി ശംസുൽ ഉലമ അക്കാദമിയിൽ നടക്കുമെന്ന് ജല്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് കേരള ഖിസ്സപ്പാട്ട് സംഘം. 30ാം വാർഷിക സമ്മേളനം 2026 ഡിസംബറിലാണ് നടക്കുന്നത്. ഇതിന്റെ പ്രഖ്യാപന സമ്മേളനമാണ് ഈ മാസം നാലിന് വൈകിട്ട് ഏഴിന് വെങ്ങപ്പള്ളിയിൽ നടക്കുക. സമ്മേളന കാലയളവിൽ പൂർത്തീകരിക്കുന്ന 30 ഇന കർമ്മ പദ്ധതിയുടെ വിശദീകരണവും പ്രഖ്യാപന സമ്മേളനത്തിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100ാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് സമസ്തയുടെ നൂറുവർഷത്തെ ചരിത്രം കോർത്തിണക്കി ഖിസ്സപ്പാട്ടായി പുറത്തിറക്കുന്ന പദ്ധതിയാണ് കർമ്മ പദ്ധതിയിലെ പ്രധാനപ്പെട്ടത്. 30ാം വാർഷിക പ്രഖ്യാപന സമ്മേളനം സമസ്ത വയനാട് ജില്ലാ ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. കേരള ഖിസ്സപ്പാട്ട് സംഘം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ തങ്ങൾ അൻസ്വരി തൂത അദ്ധ്യക്ഷനാവും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ സമ്മേളന പ്രഖ്യാപനം നടത്തും. 30ാം വാർഷിക ഫണ്ട് ഉദ്ഘാടനം പനന്തറ മുഹമ്മദ് ഹാജി നിർവഹിക്കും. നാലകത്ത് റസാഖ് ഫൈസി കൊടക്കാട് വിഷയാവതരണം നടത്തും. എ.കെ.കെ മരക്കാർ മൗലവി പൊന്നാനി, സിദ്ദീഖ് ഹിഷാമി മണലടി എന്നിവർ വിഷയാവതരണം നടത്തും. കാഥികൻമാരായ കെ.എൻ.എസ് മൗലവി തിരുവമ്പാടി, അബൂത്വാഹിർ മൗലവി പനങ്ങാങ്ങര, വി.എസ് മാസ്റ്റർ വയനാട്, അഹ്മദ് കുട്ടി മൗലവി മാവണ്ടിയൂർ എന്നിവർ ബദർ, യൂസുഫ് ഖിസ്സ, അത്ഭുത കപ്പൽ, മലപ്പുറം പട എന്നീ ചരിത്രങ്ങൾ പാടിപറയും. പിന്നണി ഗായകരായ സത്താർ താഴേക്കാട്, ടി.ടി.എ സാലിം ദാരിമി വലിയപാറ, ശിഹാബ് അരീക്കോട്, പി.ടി.എം കുട്ടി പൊഴുതന, നൂർഷ കമ്പളക്കാട്, സക്കീർ മേപ്പാടി, സലീം ചാലിയം, നവാസ് കൽപ്പറ്റ, അൻവർ അശ്റഫി ഓടത്തോട് തുടങ്ങിയവർ ഗാനങ്ങളും ആലപിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അബുസിനാൻ ദാരിമി പന്തിപ്പൊയിൽ, ടി.ടി.എ സാലിം ദാരിമി വലിയപാറ, അൻവർ സ്വാദിഖ് അശ്റഫി, പി.ടി.എം കുട്ടി പൊഴുതന എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |