മംഗളൂരു: ധർമസ്ഥല കേസിൽ പൊലീസിന് ഗുരുതര വീഴ്‌ച. 2000 മുതൽ 2015 വരെ ഉണ്ടായ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചുവെന്നാണ് വിവരം. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, ഫോട്ടോകൾ, നോട്ടീസുകൾ തുടങ്ങി എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്നാണ് വിവരാവകാശ രേഖകളിൽ നിന്ന് അറിയാൻ സാധിച്ചത്.
കാലഹരണപ്പെട്ട കേസുകളുടെ രേഖകൾ നശിപ്പിക്കാമെന്ന നിയമം അനുസരിച്ചാണ് ഇവ നശിപ്പിച്ചത് എന്നാണ് വിവരാവകാശ രേഖയിൽ പറഞ്ഞിരിക്കുന്നത്. 2023 നവംബർ 23നാണ് ഈ രേഖകൾ നശിപ്പിച്ചത്. ധർമസ്ഥലയിലെ ആക്ഷൻ കമ്മിറ്റിയിലെ അംഗമായ സാമൂഹിക പ്രവർത്തകൻ ജയന്ത് ചോദിച്ച വിവരാവരാശ രേഖയ്‌ക്കാണ് ബെൽത്തങ്കടി പൊലീസ് സ്റ്റേഷനിൽ നിന്ന് മറുപടി ലഭിച്ചത്.
1995 മുതൽ 2014 വരെയുള്ള കാലയളവിൽ ധർമസ്ഥലയിൽ നൂറോളം പേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യം നിലനിൽക്കെയാണ് ധർമസ്ഥലയ്‌ക്ക് തൊട്ടടുത്തുള്ള ബെൽത്തങ്കടി പൊലീസ് സ്റ്റേഷനിൽ 15 വർഷത്തെ അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള രേഖകൾ നീക്കം ചെയ്‌തത്. ഏറെ ദുരൂഹത ഉയർത്തുന്ന കാര്യമാണിത്.
ബെൽത്തങ്കടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായവരുടെ വിവരങ്ങൾ, ചിത്രങ്ങൾ, അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങൾ, അജ്ഞാത മൃതദേഹങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം തേടിയാണ് ജയന്ത് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. എന്നാൽ, കാണാതായെന്ന പരാതികളും ചിത്രങ്ങളും ഉൾപ്പെടെ നശിപ്പിച്ചെന്നായിരുന്നു പൊലീസിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |