കൊച്ചി: സിനിമാ നടൻ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനമായ ഓ ബൈ ഓസിയിൽ നിന്ന് ജീവനക്കാർ പണം കവർന്നതിനും സമാനമായി കൊച്ചിയിലും തട്ടിപ്പ്. പാലാരിവട്ടത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ സ്റ്റോർ മാനേജറും ടീം ലീഡറും ചേർന്ന് തട്ടിയത് 25 ലക്ഷം രൂപ. സ്വൈപിംഗ് മെഷീനിൽ സ്വന്തം ക്യൂ.ആർ കോഡ് തന്ത്രപരമായി ചേർത്തുവച്ചായിരുന്നു പണം തട്ടിയത്. ഉടമയുടെ പരാതിയിൽ സ്റ്റോർ മാനേജറായ തിരുവല്ല സ്വദേശിക്കെതിരെയും ടീം ലീഡറായ വെണ്ണല സ്വദേശിക്കെതിരെയും കൊച്ചി സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരെയും വിശദമായി ചോദ്യംചെയ്യും. പ്രതികൾക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. തട്ടിപ്പ് തെളിഞ്ഞാൽ അറസ്റ്റിലേക്ക് നീങ്ങും. ഫെബ്രുവരി മുതൽ തട്ടിപ്പ് നടന്നെന്നാണ് പരാതി.
പത്ത് വർഷത്തോളമായി പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പത്ത് മാസം മുമ്പാണ് തിരുവല്ല സ്വദേശി മാനേജറായി ജോലിക്ക് കയറിയത്. രണ്ട് മാസം കഴിഞ്ഞ് രണ്ടാം പ്രതിയായ വെണ്ണല സ്വദേശിയുമെത്തി. അക്കൗണ്ട്സ് കൈകാര്യം ചെയ്തിരുന്ന ജീവനക്കാരി ആരോഗ്യകാരണങ്ങളാൽ നീണ്ട അവധിയിൽ പ്രവേശിച്ചത് മുതലെടുക്കുകയായിരുന്നു ഇരുവരും.
തട്ടിപ്പ് ഇങ്ങനെ
സ്വൈപിംഗ് മെഷീനിലെ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ഉത്പന്നത്തിന്റെ വില ഉപഭോക്താവിന്റെ മൊബൈലിലെ ഗൂഗിൾപേയിൽ ലഭിക്കുന്ന രീതിയാണ് ഉടമ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ സ്ഥാപനം തുറക്കുമ്പോൾ തിരുവല്ല സ്വദേശിയുടെ ഗൂഗിൽ പേയുടെ ക്യൂ.ആർ കോഡ് രണ്ടാം പ്രതി സ്വൈപിംഗ് മെഷീനിലെ ക്യാമറയിൽ പകർത്തും. സെറ്റിംഗ്സിൽ മാറ്റം വരുത്തി കമ്പനിയുടെ ക്യൂ.ആർ കോഡുപോലെയാക്കും. ഇതോടെ പണം മാനേജറുടെ അക്കൗണ്ടിലേക്ക് പോകും.
പിടിക്കപ്പെട്ടത് ഇങ്ങനെ
ബിസിനസിലെ കുറവ് പൊതുവേയുള്ള മാന്ദ്യത്തിന്റെതാകുമെന്നാണ് ഉടമ ആദ്യം കരുതിയത്. വലിയ അന്തരമുണ്ടായതോടെ ജീവനക്കാരെ സൂഷ്മമായി നിരീക്ഷിച്ചു. വെണ്ണല സ്വദേശി സ്വയ്പിംഗ് മെഷീനിൽ തിരിമറി നടത്തുന്നത് സി.സി ടിവിയിലൂടെ കണ്ടത് വഴിത്തിരിവായി. തെളിവിനായി ഒരാഴ്ചയോളം പ്രതികളെ നിരീക്ഷിച്ചു. സാധനങ്ങൾ വാങ്ങിയ കസ്റ്റമർമാരെ ഉടമ ഫോണിൽ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞു. അങ്ങിനെയാണ് പണം തിരുവല്ല സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന തെളിവുകൾ കിട്ടിയത്. ഇരുവരെയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയെന്ന് ഉടമ 'കേരളകൗമുദി"യോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |