കൊച്ചി: ഇൻവെസ്റ്റ് കേരള നിക്ഷേപസംഗമത്തിൽ (ഐ.കെ.ജി.എസ്) വാഗ്ദാനം ചെയ്യപ്പെട്ട 429 പദ്ധതികളിൽ നിർമ്മാണം തുടങ്ങിയ പദ്ധതികൾ ആഗസ്‌റ്റിൽ നൂറെണ്ണം തികയുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. പദ്ധതികളുടെ നിലവിലെ സ്ഥിതി നിക്ഷേപകരിൽ നിന്ന് അറിയാൻ വ്യവസായവകുപ്പ് സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഗ്ദാന പദ്ധതികളിൽ 21 ശതമാനം പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. ഇത് 50 ശതമാനമാക്കാനാണ് സർക്കാരിന്റെ പരിശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
20 നിക്ഷേപകർ തങ്ങൾക്കുണ്ടായ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു. ഓരോ പ്രശ്‌നത്തിനും തത്സമയം മന്ത്രി പരിഹാരം നിർദ്ദേശിച്ചു. അവ സമയബന്ധിതമായി പൂർത്തിയാക്കാൻ വ്യവസായവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിവിധ വകുപ്പുകൾ ഉൾപ്പെടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മന്ത്രിതലയോഗം വിളിക്കും. പ്രാദേശിക തർക്കങ്ങൾ, വകുപ്പുകളുടെ അനുമതികൾ തുടങ്ങിയവയ്ക്ക് പരിഹാരം കാണാൻ വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ മുൻകൈയെടുക്കുന്നുണ്ടെന്ന് നിക്ഷേപകർ പറഞ്ഞു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്, ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ മിർ മുഹമ്മദ് അലി, കിൻഫ്ര മാനേജിംഗ് ഡയറക്‌ടർ സന്തോഷ് കോശി തോമസ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, വ്യവസായവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |