ന്യൂഡൽഹി: വിദേശ രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന ഡൽഹി ചാണക്യപുരിയിൽ പ്രഭാത സവാരിക്കിടെ തമിഴ്നാട് മയിലാടുതുറെെ എം.പിയും കോൺഗ്രസ് നേതാവുമായ സുധ രാമകൃഷ്‌ണന്റെ സ്വർണമാല കവർന്നു. ഹെൽമറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ മോഷ്‌ടാവാണ് നാലരപ്പവൻ വരുന്ന മാല കവർന്നത്. ബലപ്രയോഗത്തിൽ എം.പിയുടെ കഴുത്തിന് പരിക്കേറ്റു. വസ്‌ത്രം കീറുകയും ചെയ്‌തു.
ഇന്നലെ രാവിലെ 6.15ഓടെ പോളണ്ട് എംബസിക്ക് മുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നുള്ള ഡി.എം.കെ രാജ്യസഭാംഗം രാജാത്തിക്കൊപ്പം എംബസിയുടെ മൂന്നാം നമ്പർ ഗേറ്റിനു മുന്നിലെത്തിയപ്പോൾ എതിർദിശയിൽ നിന്ന് സ്‌കൂട്ടറിൽ വന്നയാൾ മാല പിടിച്ചു വലിച്ചു. കഴുത്തിന് പരിക്കേറ്റു. ചുരിദാർ കീറി. സഹായത്തിനായി അലമുറയിട്ടെങ്കിലും ആരും വന്നില്ല. പിന്നീട് ഡൽഹി പൊലീസിന്റെ മൊബൈൽ പട്രോളിംഗ് വാഹനം വന്നു. എം.പിമാരാണെന്നും മാലതട്ടിപ്പറിച്ചെന്നും പറഞ്ഞപ്പോൾ ചാണക്യപുരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു നിർദ്ദേശം. എംബസികളും സംരക്ഷിത സ്ഥാപനങ്ങളുമുള്ള ചാണക്യപുരിയിൽ പാർലമെന്റ് അംഗമായ സ്ത്രീയ്ക്കുണ്ടായ ആക്രമണം വലിയ ആഘാതമുണ്ടാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് അയച്ച കത്തിൽ സുധ പറഞ്ഞു.
ദേശീയ തലസ്ഥാനത്തെ സുരക്ഷാ മേഖലയിൽ പോലും ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് തമിഴ്‌നാട്ടിൽ സംഭവിക്കില്ല. കേന്ദ്രത്തിലെയും ഡൽഹിയിലെയും ബി.ജെ.പി സർക്കാരുകളെ പരാമർശിച്ച് 'ഇരട്ട എൻജിൻ' പരാജയമാണെന്നും അവർ ആരോപിച്ചു. സമ്പൂർണ സംസ്ഥാനമല്ലാത്തതിനാൽ ഡൽഹിയിലെ സുരക്ഷാ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |