ന്യൂഡൽഹി: ആദിവാസി അവകാശ സംരക്ഷണത്തിനായി സ്ഥാപിച്ച ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) എന്ന പ്രാദേശിക പാർട്ടിയിലൂടെ ദേശീയ രാഷ്‌ട്രീയത്തിൽ സ്വന്തം മേൽവിലാസം രചിച്ച നേതാവാണ് അന്തരിച്ച ഷിബു സോറൻ. ജാർഖണ്ഡിലെ ആദിവാസി,ഗോത്ര ജനതയ്‌ക്ക് വഴി കാട്ടിയ നേതാവ് എന്ന അർത്ഥത്തിൽ 'ദിഷോം ഗുരു' എന്ന പേരിൽ അറിയപ്പെട്ടു.
പഴയ ബീഹാറിലെ ഹസാരിബാഗ് ജില്ലയിൽ (ഇന്ന് രാംഗഡ്) സന്താൾ ഗോത്രവർഗത്തിൽ ജനിച്ച ഷിബു മേഖലയിലെ ആദിവാസി,ഗോത്ര വിഭാഗങ്ങൾ നേരിടുന്ന ചൂഷണങ്ങൾ കണ്ടാണ് വളർന്നത്. ആദിവാസികളെ കടക്കെണിയിൽ ഭൂമി തട്ടിയെടുക്കുന്ന പണമിടപാടു സംഘങ്ങളെ എതിർത്ത പിതാവ് സോറൻ വധിക്കപ്പെട്ടത് ജീവിതത്തിലെ വഴിത്തിരിവായി. പഠനം ഉപേക്ഷിച്ച് അദ്ദേഹം രൂപീകരിച്ച ആദിവാസി പോരാളികളുടെ സംഘം 1960കളിൽ പുറംനാട്ടുകാർക്കെതിരെ മേഖലയിൽ വ്യാപകമായ അക്രമങ്ങൾക്ക് നേതൃത്വം നൽകി. പിന്നീട് അദ്ദേഹം ശിക്ഷിക്കപ്പെട്ട ചിരുന്ധിയിലെ 11 പേരുടെ കൊല അടക്കം അതിൽപ്പെടുന്നു. പൊലീസിന്റെ നോട്ടപ്പുള്ളിയായ ഷിബു ആദിവാസികളുടെ സഹായത്തോടെ ദീർഘകാലം കാട്ടിൽ ഒളിവിലായിരുന്നു.
18-ാം വയസിൽ രൂപീകരിച്ച സന്താൾ നവയുഗ് സംഘിന്റെ തുടർച്ചയായാണ് ആക്ടിവിസ്റ്റുകളായ ബിനോദ് ബിഹാരി മഹ്‌തോ,എ.കെ റോയ് എന്നിവരെ കൂട്ടി ജെ.എം.എം രൂപീകരിച്ചത്. പലിശക്കാരെ ആക്രമിക്കാൻ ആദിവാസികൾ ഉപയോഗിച്ച അമ്പും വില്ലും പാർട്ടി ചിഹ്‌നവുമായി. ഭൂവുടമകൾക്കും പണമിടപാടുകാർക്കുമെതിരായ നടപടികളിലൂടെ ഗോത്രവർഗക്കാരുടെ നായകനായി ഷിബു വളർന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന് കീഴടങ്ങി ജയിൽവാസം അനുഷ്‌ഠിച്ചു.
ഗോത്രവർഗക്കാർക്കായി നടത്തിയ ആക്രമണങ്ങൾ പിൻകാലത്ത് രാഷ്‌ട്രീയത്തിൽ തിരിച്ചടിയായി. ഒന്നിലേറെ തവണ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. 1980ൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1989,1991,1996,2004,2009 വർഷങ്ങളിൽ ദുംക ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അധികാര രാഷ്‌ട്രീയത്തിലെ കുറുക്കുവഴികൾ അദ്ദേഹത്തെ പലപ്പോഴും കുഴിയിൽ ചാടിച്ചു. 1993ൽ പി.വി നരസിംഹറാവുവിന്റെ കോൺഗ്രസ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ കൈക്കൂലി വാങ്ങിയതിന് ജയിലിലായി. പണമിടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്ന പഴ്‌സണൽ സെക്രട്ടറി ശശിനാഥ് ഝായെ വധിച്ചെന്ന ആരോപണവും നേരിട്ടു. സി.ബി.ഐ അന്വേഷിച്ച കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സോറനെ ദുംക ജയിലിലേക്ക് കൊണ്ടുപോകും വഴി ആക്രമിക്കപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. 2007ൽ അദ്ദേഹം കുറ്റവിമുക്തനായി. ജെ.എം.എമ്മിനെയും ജാർഖണ്ഡ് ആദിവാസി രാഷ്‌ട്രീയത്തെയും മകൻ ഹേമന്ത് സോറനെ ഏൽപ്പിച്ചാണ് മടക്കം. രാജ്യസഭാംഗമായിരുന്നെങ്കിലും ഏറെ നാളായി രാഷ്‌ട്രീയ രംഗത്ത് സജീവമായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |