ന്യൂഡൽഹി: സ്ഥലമാറ്റത്തിൽ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ.കെ.താഹിൽരമണി നൽകിയ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചായിരുന്നു വിജയയുടെ രാജി. വെള്ളിയാഴ്ച രാത്രിയാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. ശനിയാഴ്ച രാവിലെയാണ് കേന്ദ്രനിയമ മന്ത്രാലയം രാഷ്ട്രപതി വിജയയുടെ രാജി സ്വീകരിച്ച കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.
സെപ്തംബർ 6നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ.കെ.തഹിൽരമണി സമർപ്പിച്ചത്. 2020 ഒക്ടോബർ 3 വരെ സർവീസുണ്ടായിരിക്കെയാണ് രാജ്യത്തെ മുതിർന്ന വനിതാ ന്യായാധിപയായ താഹിൽരമണി രാജിവച്ചൊഴിയുന്നത്. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ തഹിൽരമാനിയെ രാജ്യത്തെ ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് മാറ്റിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ജസ്റ്റിസ് വിജയയുടെ രാജി സ്വീകരിച്ചതിനു പിന്നാലെ മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജായ വിനീത് കോത്താരിയെ മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു. മേഘാലയ ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയത്തെ വിജയ സമീപിച്ചിരുന്നു. എന്നാൽ, ഈ ആവശ്യം കൊളീജിയം തള്ളുകയായിരുന്നു. തുടർന്നാണ് രാഷ്ട്രപതിക്ക് വിജയ രാജി സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |