ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ ധരാലിയിൽ മേഘ വിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. രണ്ട് മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തതോടെയാണിത്. ഇതു വരെ 200ൽപ്പരം പേരെ രക്ഷിച്ചു. ഇനിയും 100ൽ അധികം പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ കാണാതായ 10 സൈനികരെയും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസറെയും കണ്ടെത്താൻ ശ്രമം തുടരുകയാണ്.
ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തിൽ കേരളത്തിൽ നിന്നുള്ള 28 തീർത്ഥാടകരും വിനോദസഞ്ചാരികളും ഗംഗോത്രിക്കു സമീപം കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. ദുരന്തം വിതച്ച ധരാലിയിലും ഹർസിലിലും ഉൾപ്പെടെ വലിയ വെല്ലുവിളിയാണ് രക്ഷാപ്രവർത്തകർ നേരിടുന്നത്. കനത്ത മഴ, മണ്ണിടിച്ചിൽ, മഞ്ഞ് തുടങ്ങി മോശം കാലാവസ്ഥ സാഹചര്യങ്ങളും, റോഡുകൾ ഒഴുകിപ്പോയതും തകർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ധരാലിയുമായി പുറംലോകത്തെ ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചു പോയി. ഭട്ട്‌വാരിയിൽ റോഡ് പൂർണമായും തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തകരെ ധരാലിയിലേക്ക് എയർ ലിഫ്റ്റ് ചെയ്‌തു.
കരസേനയുടെ വിവിധ സംഘങ്ങൾ, എൻജിനിയറിംഗ് വിഭാഗം, വ്യോമസേന, ഐ.ടി.ബി.പി, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് തുടങ്ങിയവരാണ് പ്രവർത്തനങ്ങളിൽ സജീവം. വ്യോമസേനയുടെ അത്യാധുനിക സി 295 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനവും അണി ചേരും. കിന്നൗർ കൈലാസ് യാത്ര റൂട്ടിൽ കുടുങ്ങിയ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി. മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കഡാവർ ഇനത്തിൽപ്പെട്ട നായ്‌ക്കളെ എൻ.ഡി.ആർ.എഫ് രംഗത്തിറക്കി.
എല്ലാം 20 സെക്കൻഡിൽ
20 സെക്കന്റ് കൊണ്ട് ധരാലി ടൗൺ ഒഴുകിപ്പോയതിന്റെ ഞെട്ടിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 1.50ഓടെ ആയിരുന്നു മിന്നൽ പ്രളയം ധരാലിയെ തുടച്ചുനീക്കിയത്.
ദുരന്തങ്ങൾ ആവർത്തിക്കുന്നു
കേന്ദ്രസർക്കാരിന്റെ ചാർധാം യാത്ര ദേശീയപാത പദ്ധതി, റോഡ് വികസനം തുടങ്ങിയവയുടെ പ്രത്യാഘാതമാണ് ഉത്തരകാശിയിലെ ദുരന്തമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വയനാട് തുടങ്ങി എവിടെയാണെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
തൃപ്പൂണിത്തുറയിലെ ദമ്പതികൾ സുരക്ഷിതർ
ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളും ബന്ധുക്കളും സുരക്ഷിതർ. പ്രളയബാധിത പ്രദേശത്തിന് സമീപം വാഹനം കുടുങ്ങിയെങ്കിലും ആശങ്ക വേണ്ടെന്ന ദമ്പതികളുടെ ശബ്ദസന്ദേശം കുടുംബാംഗങ്ങൾക്ക് ലഭിച്ചു.
തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് ദേവിനഗറിൽ നാരായണൻ നായർ, ഭാര്യ ശ്രീദേവി പിള്ള, നാരായണൻ നായരുടെ സഹോദരിമാരായ ശ്രീകല, ശ്രീവിദ്യ, ശ്രീദേവി എന്നിവരുൾപ്പെട്ട സംഘമാണ് റോഡ് തകർന്നതിനെ തുടർന്ന് ഉത്തരകാശിക്കും ഗംഗോത്രിക്കുമിടയിൽ കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഇവരുടെ വിവരം ലഭിക്കാത്തത് ആശങ്ക പരത്തിയിരുന്നു. ഇന്നലെ വൈകിട്ട് ശ്രീദേവി പിള്ളയുടെ ശബ്ദസന്ദേശം ലഭിച്ചു. യാത്ര മുടങ്ങിയെങ്കിലും സുരക്ഷിതരാണെന്ന് സന്ദേശത്തിൽ അറിയിച്ചതായി ബന്ധുവായ അമ്പിളി കേരളകൗമുദിയോട് പറഞ്ഞു. സൈന്യത്തിൽ നിന്നും അറിയിപ്പ് ലഭിച്ചു. മൂന്നു ദിവസം മുമ്പാണ് ദമ്പതികൾ ഡൽഹിയിലെ ഏജൻസി വഴി യാത്ര പുറപ്പെട്ടത്. ഡൽഹിയിലെത്തി ഹരിദ്വാർ വഴി ഗംഗോത്രിയിലേയ്ക്ക് പോകുന്നതിനിടെയാണ് പ്രളയത്തിൽപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |