കാഞ്ഞങ്ങാട്: രാജപുരം പൊലീസ് ഇൻസ്‌പെക്ടർ ബസ് കണ്ടക്ടറെ മർദ്ദിച്ചെന്ന് ആരോപിച്ച് പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി.
കഴിഞ്ഞ ദിവസം സ്‌കൂൾ വിദ്യാർത്ഥിയെ ബസിൽ നിന്ന് ഇറക്കിവിട്ട പ്രശ്നത്തിന്റെ പേരിൽ ഇന്നലെ നാട്ടുകാരും റഷാദ് ബസിലെ കണ്ടക്ടർ സുനിൽ കുമാറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സുനിൽ കുമാർ രാജപുരം സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് ചർച്ചയ്ക്ക് വിളിപ്പിച്ച കണ്ടക്ടർ സുനിൽകുമാറിനെ രാജപുരം ഇൻസ്‌പെക്ടർ രാജേഷ് മർദ്ദിച്ചതായാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് ഉച്ചയോടെ കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കിൽ ഏർപ്പെട്ടത്.
ഇതോടെ രാവിലെ പാണത്തൂർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് കാഞ്ഞങ്ങാട്ടെത്തിയവർ തിരിച്ചു പോകാനാകാതെ ബുദ്ധിമുട്ടിലായി. പാണത്തൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടെങ്കിലും സ്വകാര്യ ബസുകളെയാണ് ഏറെ ആശ്രയിക്കുന്നത്. അമ്പതിൽപരം സ്വകാര്യ ബസുകളാണ് പണിമുടക്കിൽ പങ്കെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം രാജപുരം പൊലീസ് ബസുടമ പ്രതിനിധികളുമായും യൂണിയൻ പ്രതിനിധികളുമായും ചർച്ച നടത്തിയതിനെതുടർന്ന് സമരം പിൻവലിക്കാൻ ധാരണയായി. ബലാൻറോഡിലെ ഓട്ടോക്കാരുമായുണ്ടായ പ്രശ്നത്തിനും ചർച്ചയിൽ പരിഹാരമായതായി ഹൊസ്ദുർഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.വി പ്രദീപ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |