കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതിയും രക്ഷപ്പെടാൻ സഹായിച്ച ഭാര്യയും പിടിയിലായി. കിളികൊല്ലൂർ കല്ലുംതാഴം വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (26), ഭാര്യ ബിൻഷ (26) എന്നിവരെയാണ് ബംഗളൂരു -സേലം റോഡിൽ അതിർത്തിയോട് ചേർന്ന് തമിഴ്നാട് ധർമ്മപുരി തോപ്പൂരിൽ നിന്ന് പിടികൂടിയത്.
കേരള പൊലീസിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തോപ്പൂർ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ഇന്നലെ വൈകിട്ട് 3.30ന് കണ്ടെത്തിയത്. രക്ഷപ്പെട്ട ശേഷം ഇരുവരും പഴയ ഫോണും സിമ്മും ഉപേക്ഷിച്ച് പുതിയവയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇവരുമായി അടുത്തബന്ധമുള്ളവരുടെ ഫോണുകൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൂടാതെ പ്രതികൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ മുൻകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മനസിലാക്കിയിരുന്നു. ആദ്യം ഇരുവരും ബംഗളുരുവിലാണ് എത്തിയത്. ഇത് മനസിലാക്കി കിളികൊല്ലൂർ സ്റ്റേഷനിലെ സി.പി.ഒമാരായ സാജ്, അനുരാജ്, ബിനിൽ എന്നിവർ ഉൾപ്പെട്ട സംഘം ബംഗളൂരുവിൽ എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു.തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഇരുവരുടെയും ലൊക്കേഷൻ കണ്ടെത്തി. തമിഴ്നാട്ടിലേക്ക് കടക്കുന്നുവെന്ന് മനസിലാക്കി തമിഴ്നാട് പൊലീസിനും കർണാടക പൊലീസിനും വിവരം കൈമാറി പിടികൂടിയത്. കൊല്ലത്ത് നിന്ന് പോകുമ്പോൾ അഞ്ഞൂറ് രൂപ മാത്രം ഉണ്ടായിരുന്ന പ്രതികൾ ബാംഗളൂരുവിലെത്തി ബിൻഷയുടെ കൈവശമുള്ള ഒരു ജോഡി കമ്മൽ 10,000 രൂപക്ക് വിറ്റാണ് യാത്രക്കുള്ള പൈസ തരപ്പെടുത്തിയത്.
സ്ഥിരമായി ലഹരിക്കുറ്റങ്ങളിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിലടയ്ക്കാനുള്ള പിറ്റ് എൻ.ഡി.പി.എസ് പ്രകാരം കഴിഞ്ഞ 4ന് രാത്രിയാണ് അജുവിനെ പിടികൂടിയത്. കസ്റ്റഡിയിലിരിക്കെ 5ന് വൈകിട്ട് 4ന് വിവിധ ഫോമുകളിൽ ഒപ്പിടീക്കുന്നതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷന് പുറത്ത് സ്കൂട്ടറുമായി കാത്തുനിന്ന ബിൻഷയോടൊപ്പം കടന്നുകളയുകയായിരുന്നു. തുടർന്ന് ഇരുവർക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എം.ഡി.എം.എ കേസിൽ ബിൻഷയും നേരത്തെ പിടിയിലായിട്ടുണ്ട്. പ്രതികളെ ഇന്ന് കൊല്ലത്ത് എത്തിക്കും.
48 മണിക്കൂറിനുള്ളിൽ കുടുക്കി
സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, കൊല്ലം അസി. സിറ്റി പൊലീസ് കമ്മിഷണർ എസ്.ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ കിളികൊല്ലൂർ, ശക്തികുളങ്ങര സി.ഐമാരുടെ നേതൃത്വത്തിൽ സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 12 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ സംഭവം നടന്ന് 48 മണിക്കുറിനുള്ളിലാണ് ഇവരെ പിടികൂടിയത്. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എസ്.ശിവപ്രകാശ്, ശക്തികുളങ്ങര ഇൻസ്പെക്ടർ ആർ.രതീഷ്, കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.എസ്.ശ്രീജിത്ത്, ഡാൻസാഫ് സബ് ഇൻസ്പെക്ടർ കണ്ണൻ, ടി.കെ.വിനോദ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ സാജ്, ബിനിൽ, അനുരാജ്, ഷൻമുഖദാസ്, ഗോപകുമാർ, ജീനമോൾ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |