@ സയ്യിദ് മിർസ ഉദ്ഘാടകൻ
@ ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് ഉദ്ഘാടന ചിത്രം
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന റീജിയണൽ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ആർ.ഐ.എഫ്.എഫ്.കെ) ഇന്ന് തിരിതെളിയും. 11 വരെ നീളുന്ന ചലച്ചിത്ര മേള കോഴിക്കോട് കൈരളി, ശ്രീ, കോറണേഷൻ തിയറ്ററുകളിൽ നടക്കും. സംവിധായകനും കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ചെയർപേഴ്‌സണുമായ സയ്യിദ് മിർസ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റസൂലോഫ് സംവിധാനം ചെയ്ത 'ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് ' ആണ് ഉദ്ഘാടന ചിത്രം. കൈരളി തിയറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത നിർവഹിക്കും. ഷാങ്ഹായ് ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മീനാക്ഷി ജയൻ, സിതാരേ സമീൻ പർ എന്ന ഹിന്ദി ചിത്രത്തിൽ ഗുഡ്ഡു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപികൃഷ്ണൻ വർമ്മ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ നടൻ സുധീഷ് എന്നിവർ അതിഥികളായി പങ്കെടുക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ സജീഷ് തുടങ്ങിയവർ പങ്കെടുക്കും.
@ മുഖ്യ ആകർഷണങ്ങൾ
തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച 177 സിനിമകളിൽ നിന്ന് തെരഞ്ഞെടുത്ത 58 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ നിന്നുള്ള 14 ചിത്രങ്ങൾ, ലോക സിനിമാ വിഭാഗത്തിൽ നിന്നുള്ള 14 ചിത്രങ്ങൾ, 11 മലയാള ചിത്രങ്ങൾ, ഏഴ് ഇന്ത്യൻ സിനിമകൾ, കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ, വനിതാ സംവിധായകരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫിമേയ്ൽ ഗേസ് വിഭാഗത്തിൽ നിന്നുള്ള മൂന്ന് ചിത്രങ്ങൾ, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവ് ആൻ ഹുയിയുടെ ഒരു ചിത്രം, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ ശബാന ആസ്മിക്ക് ആദരവായി പ്രദർശിപ്പിക്കുന്ന 'അങ്കുർ' തുടങ്ങിയവ പ്രദർശിപ്പിക്കും. സുവർണ ചകോരം ലഭിച്ച ബ്രസീലിയൻ ചിത്രമായ മാളു, രജത ചകോരം ലഭിച്ച മി മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്, നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ച ഹൈപ്പർ ബോറിയൻസ്, പ്രേക്ഷക പുരസ്‌കാരം നേടിയ ഫെമിനിച്ചി ഫാത്തിമ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |