കോഴിക്കോട് : പട്ടികവർഗ വിഭാഗങ്ങളിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യവുമായി തുടക്കമിട്ട 'അക്ഷരോന്നതി ' പദ്ധതി ജില്ലയിൽ വിജയപാതയിൽ. 11 ഉന്നതികളിൽ ഈ മാസത്തോടെ ലൈബ്രറികൾ ഒരുങ്ങും. 5000 പുസ്തകങ്ങൾ ശേഖരിച്ച് 11 ഉന്നതികളിൽ ലൈബ്രറി ഒരുക്കാനായിരുന്നു പട്ടിക വർഗ വികസന വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനകം ലക്ഷ്യമിട്ടതിനേക്കാൾ മൂന്നിരട്ടി പുസ്‌തകങ്ങൾ ലഭിച്ചുകഴിഞ്ഞു. വീടുവീടാന്തരം കയറിയിറങ്ങിയും വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ചുമാണ് ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ 162 എൻ.എസ്.എസ് യൂണിറ്റുകൾ 7235 പുസ്തകങ്ങൾ സമാഹരിച്ചത്.
എൻ.എസ്.എസ് വക
5000 പുസ്തകങ്ങൾ
കാലിക്കറ്റ് സർവകലാശാല ജില്ലാ നാഷണൽ സർവീസ് സ്കീം അക്ഷരോന്നതി പദ്ധതിയിലേക്ക് സമാഹരിച്ചത് 5,000 പുസ്തകങ്ങളാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും പുസ്തക സമാഹരണം നടന്നു.
ഒരു ലൈബ്രറിയിൽ
1000 പുസ്തകങ്ങൾ
ജില്ലയിലെ 11 പട്ടികവർഗ ഉന്നതികളിലായി 1000 പുസ്തകങ്ങൾ വീതമുള്ള ലെെബ്രറികളാണ് ഒരുക്കുന്നത്. മത്സര പരീക്ഷകൾക്ക് വിനിയോഗിക്കാവുന്നതുവരെയുള്ള എല്ലാതരം പുസ്തകങ്ങളും ഉൾക്കൊള്ളിച്ചാണ് ലൈബ്രറി സജ്ജമാക്കുക. 1000 പുസ്തകങ്ങളുള്ളതിനാൽ ലെെബ്രറി കൗൺസിലിന്റെ അംഗീകാരവും ലഭിക്കും. ഇതോടെ ലെെബ്രേറിയൻ ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങൾ കൂടി ക്രമീകരിക്കാനാകുമെന്നാണ് പട്ടികവർഗ വികസന വകുപ്പ് പ്രതീക്ഷിക്കുന്നത്. വാണിമേൽ പഞ്ചായത്തിലെ അടുപ്പിൽ, മാടാഞ്ചേരി, പന്നിയേരി ഉന്നതികൾ, വായാട് (നരിപ്പറ്റ), നരേന്ദ്രദേവ് ഉന്നതി (ചക്കിട്ടപ്പാറ), കുടിൽപ്പാറ (മരുതോങ്കര), ചെങ്ങോട്മല (കോട്ടൂർ), വട്ടച്ചിറ (കോടഞ്ചേരി), വരിങ്ങിലോറ മല (നരിക്കുനി), പെരിങ്ങോടുമല (നന്മണ്ട), കാമ്പ്രത്ത് കുന്ന് (മടവൂർ) എന്നിവിടങ്ങളിലാണ് ലെെബ്രറികൾ സജ്ജീകരിക്കുന്നത്. ബാക്കിയുള്ള 5000 പുസ്തകങ്ങൾ ഉപയോഗിച്ച് പട്ടിക വർഗ വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച ജില്ലയിലെ അഞ്ച് ഹോസ്റ്റലുകളിലും ലെെബ്രറികൾ ഒരുക്കും. ആഗസ്റ്റ് 18 ന് ലെെബ്രറികളുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
'' തെരഞ്ഞെടുത്ത പട്ടിക വർഗ ഉന്നതികളിൽ 500 പുസ്തകങ്ങളെത്തിച്ച്
ജനങ്ങളിൽ വായനാസംസ്കാരം വളർത്തിയെടുക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്. അകമഴിഞ്ഞ സഹകരമാണ് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ലഭിച്ചത്. ഈ മാസം തന്നെ ലെെബ്രറികൾ പൂർണ തോതിൽ പ്രവർത്തനസജ്ജമാക്കും.
- ആർ. സിന്ധു, ജില്ലാ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ
ലഭിച്ച പുസ്തകങ്ങൾ 16000
ശേഖരിക്കാൻ ലക്ഷ്യംവെച്ച പുസ്തകങ്ങൾ 5000
കോഴിക്കോട് ആദ്യം
കേരളത്തിൽ ആദ്യമായി കോഴിക്കോടാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികവർഗ വികസന വകുപ്പിന്റെയും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ ജൂണിലാണ് പദ്ധതി തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |