കോഴിക്കോട്: അതി ദരിദ്രരില്ലാത്ത വയോജന- ഭിന്നശേഷി സൗഹൃദ നഗരത്തിനായി കോർപ്പറേഷൻ നടപ്പിലാക്കുന്ന ‘സമന്വയ’ പദ്ധതി ആദ്യഘട്ട ലിസ്റ്റിൽ 56878 പേർ. പൂർണ കിടപ്പ് രോഗികളായ 1388 പേരും ഗുരുതര രോഗബാധിതരായി വീടുകളിൽ കഴിയുന്ന 1150 പേരും 60 വയസിന് മുകളിലുള്ള 50180 പേരും ഭിന്നശേഷിക്കാരായി 4160 പേരുമാണുള്ളത്. മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിലിൽ സർവേ കരട് റിപ്പോർട്ട് പാസാക്കി. സമന്വയയിൽ ഉൾപ്പെട്ടതിൽ ഏറെയും സ്ത്രീകളാണ്. കിടപ്പ് രോഗികളിൽ 916 പേർക്കും ഗുരുതര രോഗം മൂലം പ്രയാസപ്പെടുന്ന 663 പേർക്കും പാലിയേറ്റീവ് പരിചരണം ലഭിക്കുന്നില്ലെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നു. 60ന് മുകളിൽ പങ്കാളികൾ ഇല്ലാതെ ഒറ്റപ്പെട്ട് കഴിയുന്നവർ 13250 പേരുണ്ട്. കൂടുതലും സ്ത്രീകൾ. ഒറ്റപ്പെട്ട് കഴിയുന്നത് നിരവധി പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.18144 പേർ മരുന്ന് വാങ്ങാനും ചികിത്സയ്ക്ക് പണമില്ലാതെ വലയുന്നു. ഭിന്നശേഷിക്കാരിൽ ഏറെയും പുരുഷൻമാരാണ്. 57.2% . ഇതിൽ 54 ശതമാനത്തിലധികം പേർക്കും കുടുംബത്തിന്റേയോ ബന്ധുക്കളുടേയേ സാമ്പത്തിക പിന്തുണയോ സഹായമോ ലഭിക്കുന്നില്ല.
കെ.എസ്.ആർ.ടി.സിയിൽ
നഗര കാഴ്ചകൾ കാണാം
വയോജന- ഭിന്നശേഷി സൗഹൃദ നഗരത്തിനായി മരുന്ന്, ഭക്ഷണം, ഉപകരണ വിതരണം, വിനോദം എന്നിവ ഊർജ്ജിതപ്പെടുത്തൻ തീരുമാനം. ഭൂരിഭാഗം വയോജനങ്ങളും താത്പര്യമുണ്ടെങ്കിലും പല കാരണങ്ങളാൽ വിനോദത്തിനായി സമയം ചെലവഴിക്കുന്നത് കുറവാണെന്ന് കണ്ടെത്തി. ഇത് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിയിൽ നഗര കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുമെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സി. ദിവാകരൻ പറഞ്ഞു. ഇതിനായി ഒരു കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം ഒരു വാർഡിലെ 40 പേരെയെങ്കിലും ഉൾപ്പെടുത്താനാണ് തീരുമാനം. പാലിയേറ്റീവ് കെയർ സംവിധാനം മെച്ചപ്പെടുത്താൻ സർക്കാരിനോട് രണ്ട് യൂണിറ്റ് അധികം നൽകാൻ ആവശ്യപ്പെടുമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നിലവിൽ ഒരു പാലിയേറ്റീവ് യൂണിറ്റാണുള്ളത്.
ഒറ്റക്കെട്ടായി സമന്വയയ്ക്കൊപ്പം
സമന്വയ പദ്ധതിയുടെ കരട് സർവേയ്ക്ക് ഭരണ പ്രതിപക്ഷ കൗൺസിലർമാരുടെ കെെയടി. ഒപ്പം നിർദ്ദേശങ്ങളും. ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ വിവിധ ആവശ്യങ്ങളറിയിക്കാനായി ഒരു സംവിധാനം ഒരുക്കണമെന്നും കോർപറേഷൻ നൽകിയ ഉപകരണങ്ങൾ കേടായാൽ ശരിയാക്കുന്നതിനായി ക്യാമ്പുകൾ നടത്തണമെന്നും യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡർ കെ.സി ശോഭിത അഭിപ്രായപ്പെട്ടു. ഫിസിയോ തെറാപ്പി ചെയ്യുന്ന സർക്കാർ സഥാപനങ്ങളിൽ ആവശ്യ സേവനങ്ങൾ നൽകണമെന്ന് ഡോ.ജയശ്രി പറഞ്ഞു. ചർച്ചയിൽ നവ്യ ഹരിദാസ്, എസ്.കെ അബൂബക്കർ, കെ.മൊയ്തീൻ കോയ തുടങ്ങിയവർ പങ്കെടുത്തു.
60 %
നഗരത്തിൽ കിടപ്പ്
രോഗികളായ സ്ത്രീകൾ
29
കിടപ്പ് രോഗികൾ 18 വയസിന്
താഴേയുള്ളവർ.
157
പരസഹായം ഇല്ലാതെ
കഴിയുന്നവർ
77 %
കുടുംബങ്ങളൊന്നിച്ച് പുറത്ത്
പോകാൻ ആഗ്രഹിക്കുന്നവർ
27.7%
പുറത്ത് പോകാൻ
കഴിയുന്നവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |