കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിലാണ് (എഐ) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വെളിപ്പെടുത്തി ഭീമൻ ടെക് കമ്പനി ആപ്പിളിന്റെ സിഇഒ ടിം കുക്ക്. എഐയെ 'വിപ്ലവം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കമ്പനിയുടെ പുതിയ വരുമാന റിപ്പോർട്ടിനെ തുടർന്ന് കുപെർട്ടിനോ ക്യാമ്പസിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ടിം കുക്ക്. എഐ രംഗത്ത് മറ്റുളളവരെക്കാൾ മുന്നേറാൻ ആപ്പിൾ വേഗത്തിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആപ്പിളിന്റെ എല്ലാ രംഗത്തും എഐയുടെ സ്വാധീനം ഉണ്ടാകാനുളള പദ്ധതികളും ടിം കുക്ക് അവതരിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനുളളിൽ ആപ്പിളിന്റെ നാല് മുതിർന്ന എഐ ഗവേഷകരാണ് കമ്പനി വിട്ട് മെറ്റയിൽ ചേർന്നത്. ഇത് ആപ്പിൾ ഫൗണ്ടേഷൻ മോഡൽസ് (എഎഫ്എം) ഗ്രൂപ്പിലെ ആപ്പിൾ എഞ്ചിനീയർമാരുടെ പ്രതിഫലം വർദ്ധിപ്പിക്കാൻ കമ്പനിയെ നിർബന്ധിതരാക്കിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം മുതൽ ആപ്പിൾ ഇന്റലിജൻസ് ആരംഭിച്ചെങ്കിലും അതിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. ഇതിനകം തന്നെ ആപ്പിളിലെ ജീവനക്കാർക്ക് ലാഭകരമായ ശമ്പള പാക്കേജുകളും സ്റ്റോക്ക് ഗ്രാന്റുകളും ഉൽപ്പന്ന കിഴിവുകളും, പ്രവൃത്തിസമയവും കൂടുതൽ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുകയാണ്. ആപ്പിൾ അടുത്തിടെ ജീവനക്കാരുടെ ശമ്പളം വെളിപ്പെടുത്തിയിരുന്നു. ബിസിനസ് ഇൻസൈഡറിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് ആപ്പിളിലെ മെഷീൻ ലേണിംഗ് എഞ്ചിനീയർക്ക് അടിസ്ഥാന ശമ്പളമായി 312,200 ഡോളർ വരെ ലഭിക്കുന്നുണ്ട്. ഹൃൂമൻ ഇന്റർഫേസ് ഡിസൈനർമാർക്ക് 468,500 ഡോളർ വരെയും സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയർമാർക്ക് പ്രതിവർഷം 375,700 ഡോളർ വരെയും ശമ്പളമായി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |