കൊച്ചി: കാർട്ടിംഗിന്റെ അതിവേഗ ട്രാക്കിൽ വിജയഗാഥ രചിക്കുകയാണ് 14കാരൻ ഷോണാൽ കുന്നിമേൽ. ഫെഡറേഷൻ ഒഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്സ് ഒഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ കാർട്ടിംഗ് ചാമ്പ്യൻഷിപ്പിലും മലയാളിപ്പയ്യനെ വെല്ലാൻ ആരുമുണ്ടായില്ല. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയായ ഷോണാൽ കുടുംബത്തോടൊപ്പം ഒമാനിലാണ് താമസം. അൽ ഗുബ്ര ഇന്ത്യൻ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് 'കുഞ്ഞു ഷൂമാക്കർ".
മാതാപിതാക്കൾക്കൊപ്പം ഒമാനിൽ ബൈക്ക് സ്റ്റണ്ടിംഗ് കാണാൻ പോയപ്പോഴാണ് ഷോണാലിന്റെ കണ്ണിൽ ആദ്യമായി കാർട്ടിംഗ് ഉടക്കിയത്. നാലര വയസുകാരന് കാറോടിക്കണമെന്ന് വാശിയായി. അവൻ്റ പ്രായത്തിന് യോജിച്ചതായിരുന്നില്ല കാർട്ടുകൾ. കരഞ്ഞുതളർന്ന ഷോണാലിനെ കണ്ട് മനസലിഞ്ഞ എക്‌സിബിഷൻ ക്ളബ് കാർട്ടിംഗ് ചെയ്യാൻ അനുവദിച്ചു. മുതിർന്നവരെപ്പോലെ കൃത്യതയോടെ ഷോണാൽ ട്രാക്കിൽ കുതിച്ചു. മിടുക്കുകണ്ട് ക്ലബിലെ പരിശീലകൻ അഭിനന്ദിച്ചു, മികച്ച ഭാവിയും പ്രവചിച്ചെങ്കിലും മാതാപിതാക്കൾ കാര്യമാക്കിയില്ല.
ടേബിൾ ടെന്നീസ് ജില്ലാ ചാമ്പ്യനായിരുന്ന പിതാവ് ഷോജയ് കുന്നിമേലിന് മകനെ ടേബിൾ ടെന്നീസ് താരമാക്കാനായിരുന്നു ആഗ്രഹം. പരിശീലനത്തിന് പോയെങ്കിലും ഷോണാലിന്റെ മനസ് കാർട്ടിംഗിലായിരുന്നു. ഒടുവിൽ മകന്റെ ആഗ്രഹത്തിന് മാതാപിതാക്കൾ വഴങ്ങി.
ഒമാനിലെ പ്രമുഖ പരിശീലന ക്ലബ്ബിൽ ചേർത്തു. ലക്ഷങ്ങൾ മുടക്കി കാർട്ടും വാങ്ങി നൽകി.
ആദ്യവർഷം ബംബിനോ വിഭാഗത്തിൽ (5-8 വയസ്) ചാമ്പ്യനായി. യു.എ.ഇ ചാമ്പ്യൻപട്ടത്തിലും മുത്തമിട്ടു. യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലെ ടോപ്ടിയർ കാർട്ടിംഗ് സർക്യൂട്ടുകളിൽ പങ്കെടുത്തു. യു.എ.ഇ റോട്ടാക്‌സ് മാക്‌സ് ചലഞ്ച് ഓവറോൾ ചാമ്പ്യൻ, ഐ.എ.എം.ഇ യു.എ.ഇ ചാമ്പ്യൻ, ഒമാൻ റോട്ടാക്‌സ് മാക്‌സ് ചലഞ്ച് ചാമ്പ്യൻ, ദുബായ് ഒപ്ലേറ്റ് ചാമ്പ്യൻ തുടങ്ങിയ വിജയങ്ങളും 14-ാം വയസിനിടെ ഷോണാൽ സ്വന്തമാക്കി. പരേതയായ ഡോ. നബ്രീസാണ് മാതാവ്.
കാർട്ടിംഗ്
ഫോർമുല വൺ റേസിന്റെ ചെറുപതിപ്പാണ് കാർട്ടിംഗ്. 80 മുതൽ 160 വരെ കിലോമീറ്റർ വേഗത്തിൽ ട്രാക്കിൽ കുതിക്കും. 1956ൽ അമേരിക്കയിലാണ് തുടക്കം. മൈക്കിൾ ഷൂമാക്കർ, ഫെർണാഡോ അലൻസോ, ലൂയി ഹാമിൽട്ടൺ തുടങ്ങി വേഗരാജാക്കന്മാർ കാർട്ടിംഗിലൂടെയാണ് ഫോർമുല-1 റേസിംഗിലേക്ക് ചുവടുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |