ഗ്ളോബൽ കേപ്പബിലിറ്റി സെന്ററുകൾ(ജി.സി.സി) വിപുലീകരിക്കുന്നു
കൊച്ചി: സംസ്ഥാനത്തിന്റെ വികസനത്തിന് ശക്തിപകർന്ന് അന്താരാഷ്ട്ര കമ്പനികളുടെ ഗ്ളോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജി.സി.സി) കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചതോടെ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ജി.സി.സി നയം സംസ്ഥാന സർക്കാർ തയ്യാറാക്കുകയാണ്.ബംഗളൂരു, ഡൽഹി പോലുള്ള മെട്രോ നഗരങ്ങളിലാണ് ജി.സി.സികൾ ആദ്യം ആരംഭിച്ചത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളും അനുയോജ്യമാണെന്ന് ഐ.ടി സ്ഥാപനങ്ങളുടെ സംഘടനയായ നാസ്കോം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ 20 ജി.സി.സികളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ, നൈപുണ്യമള്ള മനുഷ്യവിഭവശേഷി എന്നിവയാണ് ജി.സി.സികൾക്ക് പ്രധാനം. ഇക്കാര്യത്തിൽ കേരളം മുന്നിലാണെന്നതാണ് ആകർഷണം. കൊച്ചി, തിരുനന്തപുരം, കോഴിക്കോട് ഐ.ടി പാർക്കുകൾ ജി.സി.സികൾക്ക് അനുയോജ്യമാണ്. സാമ്പത്തികം, എൻജിനീയറിംഗ്, നിർമ്മാണം, ഇ കൊമേഴ്സ്, ചില്ലറവില്പന, ബാങ്കിംഗ്, ലോജിസ്റ്റിക്‌സ്, കസ്റ്റമർ സപ്പോർട്ട്, ഗവേഷണവും വികസനവും, ഡിസൈൻ തുടങ്ങിയ മേഖലകളിലും ജി.സി.സികളുണ്ട്.
നയം സെപ്തംബറിൽ
കൂടുതൽ കമ്പനികളെ ആകർഷിക്കാനായി സംസ്ഥാന സർക്കാർ ജി.സി.സി കരടുനയത്തിന് രൂപം നൽകി. സർക്കാർ പിന്തുണ, ഇളവുകൾ, ആനുകൂല്യങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട നയം സെപ്തംബറിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ പ്രസിദ്ധീകരിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
ഇന്ത്യയിലെ ജി.സി.സികൾ
മൊത്തം 1,900
6 ലക്ഷം പേർ ജോലി ചെയ്യുന്നു
വരുമാനം 16 ലക്ഷം യു.എസ് ഡോളർ
കേരളത്തിലെ പ്രവർത്തനം
എയൽ ഇന്ത്യ, ഐ.ബി.എം., അലയൻസ്, നിസാൻ ഡിജിറ്റൽ, അക്‌സഞ്ചർ, എച്ച് ആൻഡ് ആർ. ബ്ളോക്ക്, ഇ.വൈ., എൻ.ഒ.വി., സഫ്രാൻ, ഇക്വിഫാക്‌സ്
ജി.സി.സി
വൻകിട കമ്പനികളുടെ ഐ.ടി സേവനങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക ജോലികൾ കൈകാര്യം ചെയ്യുന്നവയാണ് ജി.സി.സികൾ. തന്ത്രപരവും സുപ്രധാനവുമായ ദൗത്യങ്ങൾ നിർവഹിക്കുന്ന ജി.സി.സികളിലെ ജീവനക്കാർക്ക് ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. പരിചയസമ്പത്തും സാങ്കേതിക മികവുമുള്ളവർക്കാണ് അവസരം.
കേരളത്തിലെ മികച്ച അടിസ്ഥാനസൗകര്യങ്ങളും ജീവിതച്ചെലവുകുറവും നൈപുണ്യവും മനുഷ്യവിഭവശേഷിയും ജി.സി.സികൾക്ക് അനുയോജ്യമാണ്.
സുശാന്ത് കുറുന്തിൽ
സി.ഇ.ഒ, ഇൻഫോപാർക്ക്
പുതിയ സാങ്കേതികവിദ്യ പോലെ പരിചയസമ്പത്തിനും ജി.സി.സി. മുൻഗണന നൽകുന്നുണ്ട്. നാട്ടിലേക്ക് തിരിച്ചുവരാനാഗ്രഹിക്കുന്ന ടെക്കികൾക്ക് മികച്ച അവസരമാണിത്.
ദിനേശ് നിർമ്മൽ
വൈസ് പ്രസിഡന്റ്
ഐ.ബി.എം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |