കണ്ണൂർ: എം.വി.ഗോവിന്ദൻ തന്നെ കാണാൻ വന്നിരുന്നെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ പറഞ്ഞു. തനിക്ക് സുഖമില്ലാത്തത് അറിഞ്ഞാണ് അദ്ദേഹം വീട്ടിൽ വന്ന് കണ്ടത്. മുഹൂർത്തമോ സമയമോ ഒന്നും ചോദിച്ചില്ല. എം.വി. ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം അസത്യമാണ്.
സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. എം.വി .ഗോവിന്ദനും കുടുംബവും വീട്ടിൽ തന്നെ വന്നുകണ്ടു. വർഷങ്ങളായി എം.വി .ഗോവിന്ദനുമായി അടുത്ത ബന്ധമുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോഴത്തെ വിവാദമെന്നും മാധവ പൊതുവാൾ പറഞ്ഞു.
അമിത് ഷാ അടക്കം ബി.ജെ.പി നേതാക്കളും അദാനിയും കാണാൻ വന്നിട്ടുണ്ട്. ഷാ എത്തിയത് ജാതകം നോക്കാനായിരുന്നു.
അതേസമയം ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പറഞ്ഞു. അനാവശ്യ വിവാദമാണെന്ന് എം.വി. ഗോവിന്ദൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നും കൂട്ടിച്ചേർത്തു.
സി.പി.എമ്മുകാർക്ക് ജ്യോത്സ്യന്മാരുടെ
വീട്ടിൽ കയറാൻ പാടില്ലേ: എ.കെ.ബാലൻ
പാലക്കാട്: സി.പി.എം നേതാക്കൾ ജ്യോത്സ്യനെ കാണുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ. ജോത്സ്യന്മാരുടെ വീടുകളിൽ പോകുന്നതും, ബന്ധമുണ്ടാകുന്നതും സാധാരണയാണ്. സമയം നോക്കാനല്ല എം.വി.ഗോവിന്ദൻ പോയത്. ആ രീതിയിൽ പാർട്ടിയിലെ ആരും പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ മണ്ഡലത്തിൽ എത്ര ജോത്സ്യന്മാരുണ്ട്. ഞാൻ എത്ര ആൾക്കാരുടെ വീട്ടിൽ പോയിട്ട് വോട്ടുചോദിച്ചിട്ടുണ്ട്. ഇതൊക്കെ സാധാരണനിലയിലുള്ളതല്ലേ. ജ്യോതിഷന്മാരുടെ വീട്ടിൽ കയറാൻ പാടില്ലെന്നോ? സമയം നോക്കാൻ ഞങ്ങളുടെ പാർട്ടിയിലെ ആരും പോയിട്ടില്ല. അതിന്റെ അർത്ഥം വീട്ടിൽ കയറിക്കൂടാ എന്നുള്ളതല്ലയെന്നും എ.കെ.ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |