# വിലത്തകർച്ച ഭീഷണിയിൽ
കാർഷിക മേഖല
കൊച്ചി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവ നടപ്പായാൽ കേരളത്തിലെ കാർഷിക മേഖല കടുത്ത വറുതിയിലാകും. പ്രതിവർഷം ആറായിരം കോടി രൂപയിലധികം മൂല്യമുള്ള കാർഷിക ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന കേരളത്തിന് വൻ തിരിച്ചടി നേരിടും. കയറ്റുമതി മൂല്യത്തിൽ 80 ശതമാനം ഇടിവുണ്ടായേക്കും.
സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, കയർ, കശു അണ്ടി, തുണിത്തരങ്ങൾ മുതൽ മെഡിക്കൽ ഉപകരണങ്ങൾ വരെ അമേരിക്ക വാങ്ങുന്നുണ്ട്. ഉയർന്ന തീരുവ നൽകി കേരളത്തിലെ കയറ്റുമതിക്കാർക്ക് വ്യാപാരം നടത്താനാകില്ല. അധിക ബാദ്ധ്യത പങ്കിടണമെന്ന ആവശ്യം അമേരിക്കൻ കമ്പനികൾ അംഗീകരിച്ചിട്ടില്ല. ഉത്പന്നങ്ങളിൽ വലിയൊരു പങ്കും വേഗത്തിൽ നശിക്കുന്നതായതിനാൽ കയറ്റുമതിക്കാർ വിപണിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
വാൾമാർട്ട് ഉൾപ്പെടെയുള്ള വിവിധ വൻകിട ബ്രാൻഡുകൾ കരാറുകൾ റദ്ദാക്കാൻ തുടങ്ങി. ആലപ്പുഴയിൽ നിന്ന് കയർ ഡോർമാറ്റുകൾ വാങ്ങിയിരുന്ന സ്ഥാപനങ്ങൾ കരാറുകൾ താത്കാലികമായി മരവിപ്പിച്ചു. കൂടുതൽ സ്ഥാപനങ്ങൾ കയറ്റുമതി കരാറുകൾ റദ്ദാക്കുമെന്ന ആശങ്കയും ശക്തമാണ്.
റബർ, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ വിൽപ്പന ഇടിയാൻ സാഹചര്യമൊരുങ്ങും. ആഭ്യന്തര വിപണിക്ക് ഇത്രയും ഉയർന്ന അളവിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള കരുത്തില്ലാത്തതാണ് കർഷകർക്ക് വെല്ലുവിളി.
കൊച്ചിയിൽ നിന്ന്
1,500 കണ്ടയിനറുകൾ
# കൊച്ചി തുറമുഖത്ത് നിന്ന് പ്രതിമാസം 1,500 ട്വന്റി ഫുട്ട് ഇക്വലന്റ് യൂണിറ്റുകളാണ്(ടി.ഇ.യു) അമേരിക്കയിലേക്ക് അയക്കുന്നത്. അതിൽ 80 ശതമാനവും കേരളത്തിലെ ഉത്പന്നങ്ങളാണ്. തൂത്തുക്കുടി, വിശാഖപട്ടണം, മംഗലാപുരം തുറമുഖങ്ങളിൽ നിന്നും കേരളത്തിലെ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.
പ്രതിവർഷം 140 കോടി ഡോളറിന്റെ കാർഷിക ഉത്പന്നങ്ങളാണ് കേരളത്തിൽ നിന്ന് അമേരിക്കയിൽ എത്തുന്നത്.
വില ഇടിയും,തൊഴിൽ പോകും
1. കാർഷിക, സമുദ്രോത്പന്നങ്ങളുടെ വിലയിടിവ് രൂക്ഷമായേക്കും
2. പരമ്പരാഗത, കാർഷിക മേഖലകളിൽ തൊഴിൽ നഷ്‌ടത്തിന് ഇടയാക്കും
3. കമ്പനികൾ തൊഴിലാളികളുടെ കൂലി കുറയ്ക്കാനും കർഷകർ ഉത്പന്നങ്ങൾ വിലകുറച്ച് വിൽക്കാനും നിർബന്ധിതരാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |