കൊൽക്കത്ത: പശ്ചിമബംഗാളിൽ ആർ.ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് ഒരു വർഷം. നീതി നടപ്പായില്ലെന്നുകാട്ടി ഇന്നലെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടന്നു. ബംഗാൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ചിനിടെ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവ് സവേന്ദു അധികാരി ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. ഇതിനിടെ പൊലീസ് തന്നെ ആക്രമിച്ചെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ പ്രതികരിച്ചു.
'മമതയുടെ പൊലീസ് പ്രകോപനമില്ലാതെ മർദ്ദിച്ചു, എന്റെ വളകൾ പൊട്ടി. എന്തിനാണ് അവർ ഞങ്ങളെ തടയുന്നത്? ഞങ്ങൾക്ക് സെക്രട്ടേറിയറ്റിലെത്തണം, എന്റെ മകൾക്ക് നീതി ലഭിക്കണം"- ഡോക്ടറുടെ അമ്മ പറഞ്ഞു. അന്വേഷണം പൂർത്തിയാകാത്തതിന്റെ പേരിൽ ഡോക്ടറുടെ കുടുംബം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സി.ബി.ഐ ഡയറക്ടർ പ്രവീൺ സൂദിനെയും കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
2024 ആഗസ്റ്റിലാണ് ആശുപത്രിയുടെ സെമിനാർ ഹാളിനുള്ളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. 31കാരിയായ ജൂനിയർ ഡോക്ടറെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കൊൽക്കത്ത പോലീസിലെ സിവിൽ വൊളണ്ടിയറായ സഞ്ജയ് റോയിയെ സി.ബി.ഐ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു. വ്യാപകമായ പ്രതിഷേധങ്ങൾക്കിടയിൽ കൽക്കട്ട ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |