ചെന്നൈ: 2026ൽ നടക്കുന്ന ഐപിഎൽ സീസണിന് മുമ്പ് രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണെ വിട്ടയക്കരുതെന്ന് മുൻ ഇന്ത്യൻ ഓപ്പണറും സെലക്ടറുമായ ക്രിസ് ശ്രീകാന്തിന്റെ മുന്നറിയിപ്പ്. ഫ്രാഞ്ചൈസി വിടാനുള്ള സഞ്ജുവിന്റെ ആഗ്രഹം അദ്ദേഹം അറിയിച്ചിട്ടുണ്ടെങ്കിലും രാജസ്ഥാൻ റോയൽസ് വിട്ടയക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ റിലീസ് ചെയ്താൽ ടീം പൊളിയുമെന്ന് ക്രിസ് ശ്രീകാന്ത് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'സഞ്ജുവും രാഹുൽ ദ്രാവിഡും തമ്മിൽ വഴക്കാണെന്ന് പലരും പറയുന്നു. പക്ഷേ അതിനെ പറ്റി എനിക്ക് പൂർണ്ണമായിട്ട് അറിയില്ല. ടീം മാനേജ്മെന്റ് അദ്ദേഹത്തിന് ഒരു നിശ്ചിത തുക നൽകിയാണ് നിലനിർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിങ്ങൾ അദ്ദേഹത്തെ പെട്ടെന്ന് റിലീസ് ചെയ്താൽ ടീമിന്റെ അവസ്ഥയെന്താകും ബാലൻസ് മുഴുവൻ നഷ്ടമാവില്ലേ. 2008നു ശേഷം ഇതുവരെ രാജസ്ഥാന് ഒരു കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.
അതിനു ശേഷം അവർ ഫൈനലിൽ വരെ എത്തിയിട്ടുണ്ട്. ഞാൻ ആയിരുന്നെങ്കിൽ സഞ്ജുവിനെ ഒരിക്കലും കൈവിടില്ല. റിയാൻ പരാഗിനെ ക്യാപ്റ്റനാക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്. ഞാൻ ആയിരുന്നെങ്കിൽ സഞ്ജുവിനെ ഒരു ബാറ്റ്സ്മാനായി അവതരിപ്പിക്കും. അദ്ദേഹത്തിന് 18 കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്.'- ശ്രീകാന്ത് കൂട്ടിച്ചേർത്തു. 2025 ഐപിഎൽ സീസണിലെ ചില മത്സരങ്ങൾ സഞ്ജുവിന് നഷ്ടമായിരുന്നു. ടൂർണമെന്റിന്റെ തുടക്കം പരിക്ക് കാരണം ഒരു ഇംപാക്ട് പ്ലെയർ മാത്രമായിട്ടാണ് സഞ്ജു കളിച്ചത്. താരത്തിന് പകരം റിയാൻ പരാഗാണ് ടീമിനെ നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |