@ചെസ് കളിച്ച് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം എന്ന പേരിൽ കടലുണ്ടി പഞ്ചായത്തിൽ നടപ്പിലാക്കുന്ന ചെസ് ഗ്രാമം പദ്ധതിക്ക് തുടക്കമായി. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചെസ് ബോർഡിൽ കരുക്കൾ നീക്കിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഓഷ്യാനെസ് ചാലിയം ടൂറിസ്റ്റ് ബീച്ചിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾ ഉൾപ്പെടെ 50 ടീമുകൾ പങ്കെടുത്ത മഹാ ചെസ് ടൂർണമെന്റും അരങ്ങേറി.
പുതുതലമുറയുടെ ചിന്താശേഷിയും ആരോഗ്യവും നശിപ്പിക്കുന്ന ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധം സ്‌പോർട്സ്, കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ തുടങ്ങിയവയാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകളിൽ ഏകാഗ്രതയും ഓർമശക്തിയും ലക്ഷ്യബോധവും ശക്തിപ്പെടുത്താൻ ചെസിലൂടെ സാധിക്കും. ബേപ്പൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയായ 'ഫ്യൂച്ചർ' പദ്ധതിയുടെ ഭാഗമായാണ് ചെസ് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കടലുണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.കെ, സ്‌പോർട്സ് കൗൺസിൽ, ക്ലബുകൾ, വായനശാലകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ചെസ് ഗ്രാമം പദ്ധതി നടപ്പിലാക്കുക. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഭാഗമായി ചെസ് പരിശീലനങ്ങൾ, ടൂർണമെന്റുകൾ, പ്രദർശനങ്ങൾ, ചെസ് സെന്ററുകൾ ഒരുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കും. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ കടലുണ്ടിയിലെ ക്ലബുകൾ, വായനശാലകൾ, വിദ്യാലയങ്ങൾ, ചെസ് കോർണറുകൾ എന്നിവയ്ക്കുള്ള ചെസ് കിറ്റുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ അദ്ധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണൻ മുഖ്യാതിഥിയായി. മാദ്ധ്യമപ്രവർത്തകൻ ഡോ.അരുൺകുമാർ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ശൈലജ, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുൺ.കെ പവിത്രൻ, ഡോ. എ.കെ അബ്ദുൽ ഹക്കിം, എ.എം സിദ്ധീഖ്, കെ.എ ബോസ്, പ്രഭു പ്രേംനാഥ്, ടി.രാധാഗോപി, ഒ.പ്രമോദ്, ടി.നിഖിൽ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |