തൃശൂർ: തൃശൂർ മണ്ഡലത്തിന് പുറത്തുള്ള ബി ജെ പി നേതാക്കളുടെ വോട്ടും ഇവിടെ ചേർത്തിട്ടുണ്ടെന്ന് സി പി ഐ നേതാവ് വി എസ് സുനിൽ കുമാർ. ഒരു മാദ്ധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. വരവൂർ പഞ്ചായത്തിലെ നടത്തറയിലുള്ള ബിജെപി നേതാവ് കെ ആർ ഷാജിയുടെയും കുടുംബത്തിന്റെയും പേര് തൃശൂരിലെ പട്ടികയിൽ ചേർക്കപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്.
"ഷാജിയും കുടുംബവും വോട്ടിൽ ക്രമക്കേട് കാണിച്ചത് ഇന്നലെയാണ് താൻ കണ്ടെത്തിയത്. ചേലക്കര മണ്ഡലത്തിലെ സ്ഥിരതാമസക്കാരനാണ് ഷാജി. വരവൂർ പഞ്ചായത്തിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്. ഭാര്യയടക്കമുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവിടെയായിരുന്നു വോട്ട്. എന്നാൽ കഴിഞ്ഞ വർഷം നടന്ന ലോക്,സഭാ തിരഞ്ഞെടുപ്പിൽ പൂങ്കുന്നത്തെ ഫ്ളാറ്റിൽ വോട്ടായി രേഖപ്പെടുത്തി. ഇതിനർത്ഥം വോട്ടുചെയ്യാനായി ആയിരക്കണക്കിന് ബിജെപിക്കാരെ ഇങ്ങോട്ടേക്ക് എത്തിച്ചെന്നാണ്,"- അദ്ദേഹം ആരോപിച്ചു.
അതേസമയം, സുരേഷ് ഗോപിയുടെ വിജയം അംഗീകരിക്കാൻ കഴിയാത്തതിന്റെ വിഷമമാണ് പുതിയ വിവാദത്തിന് പിന്നിലെന്നാണ് ബി ജെ പി നേതാക്കളുടെ വാദം. ഫ്ലാറ്റുകളിൽ കള്ളവോട്ടർമാരെ ചേർത്തുവെന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പിന് മുമ്പേ ചർച്ചയായിരുന്നു. വിജയത്തോടെ അത് അവസാനിക്കുമെന്നായിരുന്നു പാർട്ടി കരുതിയത്. എന്നാൽ വീണ്ടും ഇത് തല പൊക്കിയതോടെ പ്രതിരോധിക്കേണ്ട സാഹചര്യമായി. ഇതിനിടെ സുരേഷ് ഗോപി രംഗത്ത് വരാത്തതും പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |